എക്സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച വാള്‍ട്ട് ഡിസ്നിക്കെതിരെ ഇലോണ്‍ മസ്‌ക് കടുത്ത രോഷത്തില്‍

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച വാള്‍ട്ട് ഡിസ്നിക്കെതിരെ ഇലോണ്‍ മസ്‌ക് കടുത്ത രോഷത്തില്‍. വാള്‍ട്ട് ഡിസ്നിയെ നേരിടാന്‍ ചിലപ്പോള്‍ താന്‍ സിനിമാ നിര്‍മാണ കമ്പനി തുടങ്ങിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. ഒരു ഫോളോവറിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.

അതേസമയം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിച്ചുവെന്നാരോപിച്ച് മെറ്റയ്ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിനും എതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടിയും മസ്‌ക് ഐഗറിനെ കടന്നാക്രമിച്ചു.എക്സില്‍ ചെയ്തത് പോലെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുമോ എന്ന് ചോദിച്ചുകൊണ്ട് കൊളിന്‍ റഗ്ഗ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് റീപോസ്റ്റ് ചെയ്തു. ഈ ഭയാനക പെരുമാറ്റത്തില്‍ ഡിസ്നിക്കെതിരെ കേസെടുക്കണമെന്ന് മസ്‌ക് പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പം പരസ്യം ചെയ്യുന്നത് നല്ലതാണെന്നാണ് ബോബ് ഐഗര്‍ കരുതുന്നതെന്നും മസ്‌ക് പറഞ്ഞു.

ഈ മാസം ആദ്യം ഒരു അഭിമുഖത്തിനിടെ എക്സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച പരസ്യദാതാക്കളെയെല്ലാം മസ്‌ക് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. അന്ന് വാള്‍ട്ട് ഡിസ്നി സിഇഒ ബോബ് ഐഗറിനെ പേരെടുത്ത് പറയുകയും ചെയ്തു.ഇപ്പോഴിതാ വാള്‍ട്ട് ഡിസ്നി എത്രയും വേഗം ബോബിനെ പുറത്താക്കണം എന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് മസ്‌ക്. ഈ ട്വീറ്റിന് കീഴിലാണ് ഡിസ്നിയെ നേരിടാന്‍ ഒരു മൂവീ സ്റ്റുഡിയോ ആരംഭിച്ചുകൂടേ എന്ന് ഒരു ഫോളോവര്‍ ചോദിച്ചത്. ‘ചിലപ്പോള്‍ ഞങ്ങള്‍ അത് ചെയ്യും’ എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

 

Top