ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ പൂര്‍ണമായി ഏറ്റെടുത്തു. 4400 കോടി ഡോളറിന് (3.67 ലക്ഷം കോടി രൂപ) ആണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.

മസ്‌കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഐകകണ്‌ഠ്യേനയാണ് ട്വിറ്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗീകരിച്ചത്. ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തി. അര്‍ധരാത്രിയായിരുന്നു പ്രഖ്യാപനം.

ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികളാണ് അദ്ദേഹം ആദ്യം സ്വന്തമാക്കിയത്. പിന്നാലെയാണ് കമ്പനിയെ ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് മസ്‌ക് അറിയിച്ചത്. മസ്‌ക് മോഹ വില വാഗ്ദാനം ചെയ്തതിനാല്‍ നിക്ഷേപകരും സമ്മര്‍ദം ചലുത്തി.

തന്റെ വിമര്‍ശകര്‍ പോലും ട്വിറ്ററില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായസ്വാതന്ത്ര്യം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് മസ്‌കിന്റെ വാക്കുകള്‍.അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്‌ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്.

 

Top