ട്വിറ്ററിലെ പക്ഷിയെ കാണാനില്ല; പകരം നായ; ലോഗോ മാറ്റി മസ്ക്

ട്വിറ്റർ എന്ന് കേൾക്കുമ്പോഴേ ഏവരുടെയും മനസിൽ തെളിഞ്ഞിരുന്ന നീല പശ്ചാത്തലത്തിലുള്ള വെള്ള പക്ഷിയുടെ രൂപം ഇനി ഉണ്ടാകില്ലെന്ന് സൂചന. ട്വിറ്ററിന്റെ ലോഗോ സ്ഥാനത്തുനിന്ന് സിഇഒ ഇലോൺ മസ്ക് പക്ഷിയെ മാറ്റുകയും പകരം ഡിജിറ്റൽ കറൻസിയുടെ ചിഹ്നമായ ഷിബ ഇനുവിന്റെ ചിത്രം ലോഗോ ആക്കുകയും ചെയ്തിരിക്കുന്നു.

ജപ്പാനിലെ വേട്ടനായ്ക്കളുടെ വിഭാഗത്തിൽപ്പെട്ട ഒരു ഇനത്തിന്റെ പേരാണ് ഷിബ ഇനു. പിന്നീട് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെട്ടപ്പോൾ അ‌തിനു നൽകപ്പെട്ട പേര് ഷിബ ഇനു എന്നുതന്നെയായിരുന്നു. ഡിജിറ്റൽ കറൻസിയുടെ വക്താക്കളിലൊരാളായ മസ്കിന്റെ നായയും ഷിബ ഇനു വിഭാഗത്തിൽപ്പെട്ടതാണ്. ഫ്ലോക്കി എന്നാണ് മസ്കിന്റെ നായയുടെ പേര്.

ട്വിറ്ററിന്റെ ലോഗോ മാറ്റം ഇതിനകം ലോകമെങ്ങും ചർച്ചയായിക്കഴിഞ്ഞു. അ‌തേസമയം, ലോഗോ മാറ്റം ആപ്ലിക്കേഷന്റെ വെബ് പതിപ്പിൽ മാത്രമാണെന്നാണ് സൂചന. ട്വിറ്റർ മൊബൈലിൽ കാര്യങ്ങൾ മുമ്പത്തെപ്പോലെയാണ്, സൈഡ് നാവിഗേഷൻ മെനുവിന് മുകളിൽ ബ്ലൂ ബേർഡ് ഉയരുന്നുണ്ട്. ഇതും നീക്കപ്പെടുമോ എന്നതും ലോഗോ മാറ്റം മസ്കിന്റെ ഒരു താൽക്കാലിക ‘കുസൃതിയാണോ’ എന്നതും വ്യക്തമായിട്ടില്ല.

തനിക്കെതിരായ 258 ദശലക്ഷം ഡോളറിന്റെ റാക്കറ്റിംഗ് കേസിൽനിന്ന് ശ്രദ്ധി തിരിക്കാനാണ് മസ്കിന്റെ ഈ പുതിയ നീക്കം എന്നാണ് ചിലർ വിശ്വസിക്കുന്നത്. മറ്റ് ചിലർ മസ്ക് ഡിജിറ്റൽ കോയിനോടു പുലർത്തുന്ന താൽപര്യത്തിന്റെ പുറത്താണ് ലോഗോ മാറ്റം നടത്തിയിരിക്കുകന്നത് എന്ന് കരുതുന്നു. വേറെ ചിലർ ആകട്ടെ മസ്ക് തന്റെ വളർത്തുനായയുടെ ചിത്രം ​ട്വിറ്ററിന്റെ ലോഗോയാക്കി മാറ്റുകയായിരുന്നാണ് കരുതുന്നത്.

ട്വിറ്ററിന്റെ ഐക്കണിക് ബ്ലൂ ബേർഡ് ലോഗോ ഡെർപ്പി ലുക്കിംഗ് ഷിബ ഇനുവിലേക്ക് എലോൺ മസ്‌ക് മാറ്റിയതിന് ശേഷം ട്വിറ്ററിൽ ഒരു മെമെഫെസ്റ്റ് തന്നെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. #TwitterLogo, #ShibaInu, #DOGE, #ElonMusk എന്നീ 4 കീവേർഡുകൾ മണിക്കൂറുകളായി ട്വിറ്ററിൽ ട്രെൻഡിംഗ് ആണ്. തിങ്കളാഴ്ച രാത്രി മുതലാണ് ലോഗം മാറ്റം ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

ട്വിറ്റർ ലോഗോയിൽ നീല പക്ഷിക്ക് പകരം നായയെ കണ്ടതോടെ ഉപയോക്താക്കൾ ആദ്യം അ‌മ്പരന്നു. ട്വിറ്ററിൽ നടക്കുന്ന കാര്യങ്ങൾ പ്രവചനാതീതമായതിനാൽ എന്താണ് സംഭവം എന്നറിയാതെ യൂസർമാർ പരസ്പരം കാര്യം തിരക്കാൻ തുടങ്ങി. എല്ലാവർക്കും നായയെ കാണുന്നുണ്ടോ എന്ന് ചോദ്യമുയർന്നു. മണിക്കൂറുകൾക്കുള്ളിൽ #DOGE ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി.

ഇതിനിടെ ട്വിറ്റർ ആരോ ഹാക്ക് ചെയ്തതാണെന്ന അ‌ഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ അ‌ധികം ​വൈകാതെ ട്വിറ്റർ ലോഗോ മാറ്റിയതായി ഇലോൺ മസ്‌ക് ഒരു ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ ലോഗോയിൽ ഇടംപിടിച്ച നായ കാറിന്റെ ​ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും പോലീസ് ഉദ്യോഗസ്ഥൻ ​ലൈസൻസ് പരിശോധിക്കുകയും ചെയ്യുന്ന ചിത്രമാണ് മസ്ക് ട്വീറ്റ് ചെയ്തത്.

ഈ ചിത്രത്തിൽ നായ നൽകിയ ​ലൈസൻസിൽ ട്വിറ്റിന്റെ പഴയ പക്ഷിയുടെ പടമാണുള്ളത്. അ‌പ്പോൾ അ‌ത് തന്റെ പഴയ ചിത്രമാണ് എന്ന് നായ വിശദീകരിക്കുന്നതും ചിത്രത്തിലുണ്ട്. മസ്ക് ഈ ചിത്രം പങ്കുവച്ചതോടെയാണ് ലോഗോമാറ്റം ശരിക്കുമുള്ളതാണ് എന്ന് പലരും വിശ്വസിച്ചത്. ഡോഷ് കോയിനോട് മസ്‌കിനുള്ള ഇഷ്ടം ഊട്ടിയുറപ്പിക്കുന്നതാണ് ലോഗോ മാറ്റം.

ഇത് കൂടാതെ, മസ്‌ക് ട്വിറ്റർ വാങ്ങണമെന്നും ലോഗോ നായയായി മാറ്റണമെന്നും ഒരു ഉപയോക്താവ് പറയുന്ന പഴയ ട്വിറ്റർ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്റർ ലോഗോയുടെ സ്ഥലത്ത് ഡോഷ് ലോഗോ പ്രത്യക്ഷപ്പെട്ടതോടെ, ക്രിപ്‌റ്റോ ലോകത്ത് ഡോഷ് കോയിന്റെ മൂല്യം 30 ശതമാനത്തിലേറെ കുതിച്ചുകയറിയിരിക്കുകയാണ്.

നേരത്തെ തന്റെ നായ ഫ്ലോക്കിയുമായി ഓഫീസിലെത്തിയ മസ്ക് സിഇഒയുടെ കസേരയിൽ ഫ്ലോക്കിയെ ഇരുത്തിയ ശേഷം ചിത്രമെടുക്കുകയും ട്വിറ്ററിന്റെ പുതിയ സിഇഒ ആണെന്ന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ലോഗോ മാറ്റത്തിന് മസ്ക് നേരത്തെ പ്ലാനിട്ടിരുന്നു എന്നതിന്റെ തെളിവായി ഈ സംഭവം ഇപ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത ശേഷം മസ്ക് എടുത്ത തീരുമാനങ്ങളെല്ലാം വിവാദങ്ങളായി മാറിയിരുന്നു. എന്നാൽ ഏറ്റെടുക്കലിനു ശേഷം മസ്ക് ട്വിറ്ററിൽ നടത്തിയ ഏറ്റവും വലിയ ​കൈകടത്തലാണ് ലോഗോ മാറ്റം എന്നാണ് വിലയിരുത്തൽ.

Top