ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഈലണ്‍ മസ്‌ക്

സൗത്ത് ആഫ്രിക്ക : ലോക ശതകോടീശ്വര പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്നിരിക്കുകയാണ് 49കാരനായ ഈലണ്‍ മസ്‌ക്. ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇലക്‌ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്‌ക് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി.

ചുരുങ്ങിയ കാലം കൊണ്ടാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ തൊട്ടുപിന്നില്‍ ഈലണ്‍ മസ്‌ക് എത്തിയത്. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാം സ്ഥാനക്കാരനായിരുന്നു ഈലണ്‍ മസ്‌ക്. 2020ല്‍മാത്രം ഈലണ്‍ മസ്കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ലോക കോടീശ്വര പട്ടികയില്‍ ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ്‍ ഡോളറാണ്.

മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍(ബ്ലൂംബര്‍ഗ് ബില്യനയേഴ്സ് ഇന്‍ഡെക്സ്) ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഈലണ്‍ മസ്ക് കഴിഞ്ഞ ആഴ്ച മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ടെസ്‌ലയുടെ ഓഹരി വില 14 ശതമാനം ഉയര്‍ന്ന് 408.09 ഡോളറില്‍ എത്തിയതോടെ അദ്ദേഹത്തിന്റെ ആസ്തി 11750 കോടി ഡോളറായി ഉയര്‍ന്നിരുന്നു.

Top