‘അറിയാത്തതിനെ സൂചിപ്പിക്കുന്ന ചിഹ്നം’; ഇലോൺ മസ്‌കും ‘എക്‌സും’ തമ്മിലുള്ളത് വർഷങ്ങളുടെ ബന്ധം

ഞെട്ടിക്കാൻ യാതൊരു മടിയുമില്ലാത്തയാളാണ് ഇലോൺ മസ്‌ക്. എല്ലാവരെയും ഞെട്ടിക്കാൻ എന്തെങ്കിലുമൊക്കെ സംഭവങ്ങൾ അദ്ദേഹം കണ്ടെത്തിക്കൊണ്ടേയിരിക്കും. 2018ൽ തന്റെ കമ്പനിയായ സ്‌പേസ് എക്‌സിന്റെ വിക്ഷേപണത്തിൽ പേലോഡായി അദ്ദേഹം ബഹിരാകാശത്തേക്കു വിട്ടത് ഒരു പുതുപുത്തൻ ടെസ്ല റോഡ്‌സ്റ്റർ കാറാണ്. ഇപ്പോഴിതാ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം, സമൂഹമാധ്യമമേഖലയിലെ ചിരപരിചിതമായ ട്വിറ്റർ പ്ലാറ്റ്‌ഫോമിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയതോടെയാണിത്. ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിയെയും മാറ്റി എക്‌സ് ചിഹ്നം ആക്കി. ട്വിറ്ററിന്റെ ഹെഡ്ഓഫിസിലുൾപ്പെടെ ഈ ചിഹ്നം അദ്ദേഹം പ്രദർശിപ്പിച്ചു.

ഇലോൺ മസ്‌കിന് എക്‌സ് എന്ന അക്ഷരവുമായി ഒരുപാട് കാലത്തെ ബന്ധവും താൽപര്യവുമുണ്ട്. എക്‌സ് ജനറേഷനിൽപെട്ടയാളാണു താനെന്നാണ് അദ്ദേഹം അഭിമാനപൂർവം പറയുന്നത്. 1990ൽ സംരംഭകനായുള്ള തന്‌റെ തുടക്കകാലത്ത് മസ്‌ക് തുടങ്ങിയ ഓൺലൈൻ ബാങ്ക് വെബ്‌സൈറ്റിന്‌റെ പേർ എക്‌സ്.കോം എന്നായിരുന്നു. പേയ്പാലിനെ ഏറ്റെടുത്ത ശേഷം അതിന്റെ ബ്രാൻഡിങ് മാറ്റി എക്‌സ് ഡോട്ട് കോമിനു കീഴിൽ കൊണ്ടുവരാൻ മസ്‌ക് ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് മസ്‌ക് ഈ കമ്പനിയിൽ നിന്നു പുറത്തായി.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ബഹിരാകാശ വിക്ഷേപണ, പര്യവേക്ഷണ കമ്പനിക്ക് സ്‌പേസ്എക്‌സ് എന്നാണ് അദ്ദേഹം പേര് കൊടുത്തത്. എക്‌സ് ഹോൾഡിങ്‌സ് എന്ന പേരിൽ കോർപറേറ്റ് സംരംഭങ്ങളും എക്‌സ് എഐ എന്ന പേരിൽ സ്റ്റാർട്ടപ്പും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. മസ്‌കിന്റെ ഒരു കുട്ടിയുടെ പേര് തുടങ്ങുന്നതും എക്‌സ് എന്ന അക്ഷരത്തിലാണ്. തന്റെ വാഹനകമ്പനിയായ ടെസ്ലയുടെ ആദ്യ എസ്‌യുവി മോഡലിന്റെ പേരും എക്‌സ് എന്നാണ്.

എന്തുകൊണ്ടാണ് എക്‌സ് എന്ന അക്ഷരത്തോട് ഇത്ര മമതയെന്ന് ചോദിച്ചപ്പോൾ, എക്‌സ് അറിയാത്തതിനെ സൂചിപ്പിക്കുന്ന ചിഹ്നമാണെന്നായിരുന്നു മസ്‌കിന്റെ മറുപടി. കഴിഞ്ഞവർഷം ഏപ്രിൽ 14നാണു ട്വിറ്റർ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് ഇലോൺ മസ്‌ക് തുടക്കമിട്ടത്. ഒക്‌ടോബർ 27ന് ഇതു പൂർത്തിയാക്കി. 4400 കോടി യുഎസ് ഡോളറായിരുന്നു ഏറ്റെടുക്കാനായി വിനിയോഗിച്ച തുക.

Top