ജയശങ്കര്‍ യോഗം റദ്ദാക്കിയതിനെതിരെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; കളയാന്‍ സമയമില്ലെന്ന് ബിജെപി

ശ്മീര്‍ നയത്തെക്കുറിച്ച് അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുമായി നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നടപടിക്ക് എതിരെ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടുനിന്നത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രതികരിച്ചു. മസാച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറനാണ് ഇന്ത്യയുടെ നടപടിക്ക് എതിരെ രംഗത്ത് വന്നത്.

ഡെമോക്രാറ്റിക് പ്രൈമറി പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ള എലിസബത്ത് വാറണ്‍ ഇന്ത്യയുടെ നീക്കം തന്റെ സഹപാര്‍ട്ടിക്കാരിയായ പ്രമീള ജയപാലിനെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആരോപിച്ചു. ജമ്മു കശ്മീരില്‍ നിലനില്‍ക്കുന്ന വാര്‍ത്താവിനിമയ വിലക്കുകള്‍ മാറ്റാന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് പ്രമേയം പ്രമീള അവതരിപ്പിച്ചിരുന്നു.

ഇന്ത്യാ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള വിമതശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടാണ് പുറത്തുവരുന്നതെന്ന് വാറണ്‍ ആരോപിച്ചു. ഇന്ത്യയും, യുഎസും തമ്മില്‍ സുപ്രധാന പങ്കാളിത്തമാണുള്ളത്. എന്നാല്‍ സത്യസന്ധമായ ചര്‍ച്ചയില്‍ അടിസ്ഥാനമാക്കിയല്ലെങ്കില്‍ ഇത് വിജയിക്കില്ല. മതപരമായ വൈവിധ്യവും, ജനാധിപത്യവും, മനുഷ്യാവകാശങ്ങളും പരസ്പരം ബഹുമാനിക്കപ്പെടണം, വാറണ്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മറുപടിയുമായി ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ‘അറിയാത്ത വിഷയങ്ങളില്‍ പ്രമീള ജയപാല്‍ എന്തെങ്കിലും പറയുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ആ അസംബന്ധം കേള്‍ക്കാന്‍ ഞങ്ങളുടെ സമയം കളയാന്‍ കഴിയില്ല’, അദ്ദേഹം വ്യക്തമാക്കി.

Top