അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് നല്‍കി ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അര്‍ഹരായ പലരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണവുമായി യുഡിഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രംഗത്ത്. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ്10നു ശേഷമുള്ള അപേക്ഷകരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നു. അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനപ്രസിദ്ധീകരിക്കണമെന്നാണ് ചാണ്ടി ഉമ്മന്റെ ആവശ്യം.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങള്‍ കണക്കിലെടുത്ത് പരമാവധി വോട്ടര്‍മാരിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. ആദ്യഘട്ട പ്രചരണത്തില്‍ മുന്‍തൂക്കം അവകാശപ്പെടുന്ന യു ഡി എഫ് ഇന്ന് മുതല്‍ വാഹന പര്യടനവും ആരംഭിച്ചു. പാമ്പാടിയിലെ പത്താഴക്കുഴിയില്‍ നിന്നാണ് ചാണ്ടി ഉമ്മന്റെ പര്യടനം തുടങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ പ്രചരണവും ഇവിടെ നിന്നാണ് ആരംഭിച്ചിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് യുഡിഎഫ് ക്യാമ്പ്.

പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രചരണത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മുഖ്യമന്ത്രി കൂടി ലാന്‍ഡ് ചെയ്യുന്നതോടെ ഇടതു പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കും. ഇപ്പോഴും ഭവന സന്ദര്‍ശനങ്ങളിലാണ് എന്‍ഡിഎ ക്യാമ്പ്. മണ്ഡലത്തിലെ മണ്ണ് ബിജെപിക്ക് അനുകൂലമെന്ന് സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ പ്രതികരിച്ചു.

Top