’26/11′, മറക്കാത്ത 11 വര്‍ഷങ്ങള്‍; മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ രാജ്യം

2008 നവംബര്‍ 26. രാജ്യം മറക്കാത്ത മുറിവുകള്‍ സമ്മാനിച്ച മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ക്കുകയാണ് രാജ്യവും, ലോകവും. നാല് ദിവസം നീണ്ട ക്രൂരമായ അക്രമണത്തില്‍ 166 പേര്‍ക്ക് ജീവന്‍ നഷ്ടമായി, മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 26/11 ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നമ്മള്‍ ഒപ്പമുണ്ട്. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ധൈര്യത്തിനും ആത്മാര്‍ത്ഥതയ്ക്കും സല്യൂട്ട്’, നായിഡു വ്യക്തമാക്കി.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭീകരാക്രമണം എന്ന ഭീരുത്വം വഴി ആറ് യുഎസ് പൗരന്‍മാരുടേത് ഉള്‍പ്പെടെ 166 ജീവനുകള്‍ പൊലിഞ്ഞു, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍ഫ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് ട്വിറ്ററില്‍ കുറിച്ചു. ഈ പൈശാചികതയ്ക്ക് നേതൃത്വം നല്‍കിയവര്‍ നീതിയെ നേരിടണം, അവര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ നിന്നെത്തിയ പത്ത് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ് മുംബൈയില്‍ കടല്‍മാര്‍ഗ്ഗം എത്തി അക്രമണം അഴിച്ചുവിട്ടത്. തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വെ സ്റ്റേഷന്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളാണ് അക്രമത്തിനായി തെരഞ്ഞെടുത്തത്. ഭീകരവിരുദ്ധ സ്‌ക്വാഡിലെ ഹേമന്ദ് കര്‍ക്കറെ ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ വകവരുത്തിയ അജ്മല്‍ അമിര്‍ കസബിനെ ഇന്ത്യ വധിച്ചിരുന്നു.

നവംബര്‍ 29ന് എസ്പിജി കമ്മാന്‍ഡോകള്‍ രംഗത്തിറങ്ങിയതോടെയാണ് അക്രമണങ്ങള്‍ക്ക് അവസാനമായത്. അക്രമണങ്ങളുടെ സൂത്രധാരന്‍ ഹഫീസ് സയീദ് പാകിസ്ഥാനില്‍ സുഖമായി ജീവിക്കുന്നു. ഇയാളെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് പാകിസ്ഥാന്‍ സ്വീകരിച്ച് വരുന്നത്. ചൈന ഈ നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്തുവരുന്നു.

Top