പതിനൊന്ന് ശ്രീലങ്കക്കാര്‍ കൊല്ലത്ത് പിടിയില്‍

കൊല്ലം: പതിനൊന്ന് ശ്രീലങ്കക്കാർ കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. കൊല്ലം നഗരത്തിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാർഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവർ എത്തിയതെന്നാണ് സൂചന.

കഴിഞ്ഞ 19 ന് രണ്ടുപേർ ശ്രീലങ്കയിൽ നിന്നും ടൂറിസ്റ്റ് വിസയിൽ ചെന്നൈയിൽ എത്തിയിരുന്നു. പിന്നീട് ഇവരെ കാണാതായി. ഇവർക്കുവേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും തിരച്ചിൽ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണർമാർക്കും വിവരം കൈമാറിയിരുന്നു.

ക്യൂ ബ്രാഞ്ചിന്റെ അറിയിപ്പ് പ്രകാരം കൊല്ലം പൊലീസ് നഗരത്തിൽ നടത്തിയ റെയ്ഡിലാണ് ലോഡ്ജിൽ നിന്നും 11 പേരെ കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ ചെന്നെയിലെത്തിയവരും, ആറുപേർ ട്രിച്ചിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരും, മൂന്നുപേർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

Top