ആനക്കൊമ്പുകള്‍ കൈവശം വച്ച കേസ്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്

mohanlal

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നും, നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

നടന്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

ആനക്കൊമ്പുകള്‍ കൈവശം വച്ചതിനു കേസ് രജിസ്റ്റര്‍ ചെയ്തശേഷം കാലങ്ങള്‍ കഴിഞ്ഞ് നാല് ആനക്കൊമ്പുകളുടെയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിക്കൊണ്ടുള്ള പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എറണാകുളം സ്വദേശി എ.എ. പൗലോസാണ് ഹര്‍ജി നല്‍കിയത്.

2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Top