കുതിരയെ കണ്ട് ആന ഇടഞ്ഞു; ചിതറി ഓടുന്നതിനിടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു

elephant

വെഞ്ഞാറമൂട്: കുതിരയെ കണ്ട് വിരണ്ടോടിയ ആന നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ജനങ്ങള്‍ ചിതറി ഓടുന്നതിനിടെ വാഹനങ്ങള്‍ കൂട്ടിമുട്ടുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.

കീഴായിക്കോണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിന് മുന്‍വശത്താണ് സംഭവം. കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. തൈക്കാട്ടു നിന്നും കൈലാസത്ത് കുന്ന് പാറയില്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷ പരിപാടിയുടെ ആനയൂട്ടിന് കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം.

റോഡിലൂടെ നടത്തിക്കൊണ്ടുവരുകയായിരുന്ന ആന ക്ഷേത്രത്തിന് മുന്‍വശം കെട്ടിയിരുന്ന കുതിരയെ കണ്ട് വിരണ്ടോടുകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ ഒന്നാം പാപ്പന്‍ ആനയെ സമീപത്തെ റബര്‍ തോട്ടത്തില്‍ തളച്ചു. എലിഫന്റ് സ്‌ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Top