ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം: ഒന്നാം പ്രതിയായ സ്ഥലമുടമ മണിയന്‍ചിറ റോയി കീഴടങ്ങി

തൃശൂര്‍: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങി. മച്ചാട് റേഞ്ച് ഓഫിസിലെത്തിയാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മറ്റൊരു പ്രതി പാലാ സ്വദേശി സെബിയും കീഴടങ്ങി. ആനയെ കുഴിച്ചിടാന്‍ റോയി സഹായത്തിനു വിളിച്ച സുഹൃത്താണ് സെബി.

ഈ മാസം 14 നാണ് റോയിയുടെ റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളെ ഉടന്‍ തെളിവെടുപ്പിനെത്തിക്കും.സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്.

കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ മൊഴി. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സ്ഥലമുടമ റോയിയുടെ ഒപ്പം ചേര്‍ന്ന് ആനയെ കുഴിച്ചിട്ട കുമളിയില്‍ നിന്നുള്ള മൂന്നുപേരും വാഴക്കോട് സ്വദേശികളായ രണ്ടു പേരും മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളാകും. അഖിലിനൊപ്പം ചേര്‍ന്ന് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരും കേസില്‍ പ്രതികളാണ്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖില്‍ മുറിച്ചെടുത്തത്. റോയിയുടെ കുമളിയിലെ സുഹൃത്തുക്കളാണ് അഖിലിനെ വിളിച്ചു വരുത്തി കൊമ്പ് മുറിപ്പിച്ചതെന്നാണ് വിവരം.

Top