ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ആനയെ സാഹസികമായി കരയ്ക്കെത്തിച്ചു; വീഡിയോ വൈറല്‍

elephant

ഒഡിഷ: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ആനയെ രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ വീഡിയൊ പുറത്ത് വന്നിട്ടുണ്ട്.

ഒഡിഷയിലെ സുന്ദര്‍ഗഡിലാണ് വെള്ളം നിറഞ്ഞു കവിഞ്ഞ കിണറ്റില്‍ നിലതെറ്റി വീണ ആനയെ വനംവകുപ്പ്,അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചത്.വാര്‍ത്താഏജന്‍സിയായ എഎന്‍ഐ പങ്കു വെച്ച വീഡിയോയില്‍ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ട് നിരാശനായ അവസ്ഥയിലായ ആനയെ കാണാം.തലയുടേയും ഉടലിന്റേയും മുകള്‍ഭാഗം മാത്രം വെള്ളത്തിന് മുകളില്‍ കാണുന്ന വിധത്തിലായിരുന്നു ആനയുടെ കിടപ്പ്.

വെള്ളത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള ഒരു ശ്രമവും ക്ഷീണിതനായ ആനയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. കിണറിന് ചുറ്റും പലഭാഗത്ത് നിന്നും നീണ്ട കയറുകള്‍ ആനയുടെ ശരീരത്തില്‍ കുടുക്കിയാണ് വെള്ളത്തില്‍ നിന്ന് വലിച്ച് കരയ്ക്കെത്തിച്ചത്.ചെളി നിറഞ്ഞ കിണറിന്റെ പരിസരത്ത് നിന്നുകൊണ്ട് ആനയെ വെള്ളത്തില്‍ നിന്ന് കരയ്ക്കെത്തിക്കുക പ്രയാസമേറിയ കാര്യമായിരുന്നുവെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ആനയെ രക്ഷിക്കാനായി.

കിണറിന്റെ കരയിലെത്തിയ ആന ആളുകള്‍ വെച്ചുകൊടുത്ത വലിയൊരു മരക്കൊമ്പില്‍ തുമ്പിക്കൈ കൊണ്ട് പിടിച്ച് എണീക്കുന്നത് വീഡിയോയിലുണ്ട്.എണീറ്റുനിന്നയുടന്‍ മറ്റൊന്നും നോക്കാതെ കാടിനെ ലക്ഷ്യമാക്കി ആന ഓടി. ആന കരയ്ക്കെത്തിയതുംഅതിന്റെ ഓട്ടവുമെല്ലാം ആഹ്ളാദാരവത്തോടെ ജനങ്ങള്‍ ആഘോഷമാക്കുന്നതും വീഡിയോയില്‍ കാണാം.

Top