ബാഹുബലി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍

തൊടുപുഴ : മദ്യലഹരിയില്‍ ബാഹുബലിയെപോലെ ആനയെ കീഴടക്കാന്‍ ഇറങ്ങിയ തൊടുപുഴക്കാരനായ യുവാവിനെ ആന ചുരുട്ടി എറിഞ്ഞു.

ആനയുടെ തുമ്പിക്കയ്യില്‍ ചവിട്ടി മസ്തകത്തിലേക്ക് കയറുന്ന ബാഹുബലി സിനിമയിലെ പ്രഭാസിന്റെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന യുവാവിനെ കുത്തിയെറിഞ്ഞത്.

പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ കഴുത്തൊടിഞ്ഞ യുവാവിനെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച അടിച്ചുപൊളിക്കാന്‍ കൂട്ടുകാരെയും കൂട്ടി ഇറങ്ങിയതാണ് യുവാവ്.

ഫേസ്ബുക്കില്‍ ലൈവ് വീഡിയോ സെറ്റ് ചെയ്ത ശേഷം സുഹൃത്തിന്റെ കയ്യില്‍ ഫോണ്‍ ഏല്‍പ്പിച്ചിട്ടായിരുന്നു യുവാവിന്റെ സാഹസം.

മദ്യപിച്ചിട്ടുണ്ടെന്നും ആന ആക്രമിക്കുമെന്നുമൊക്കെ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിട്ടും യുവാവ് പിന്‍മാറിയില്ല.

പഴവും പനമ്പട്ടയും നല്‍കിയ ശേഷം ആനയുടെ തുമ്പിക്കയ്യില്‍ ചുംബിച്ചപ്പോഴായിരുന്നു ആന അനിഷ്ടം പ്രകടിപ്പിച്ചത്.

രണ്ട് കിലോ പഴമുണ്ട്. ഒരു കിലോ പഴം കയ്യിലെടുത്ത് ആനവായിലേക്ക് നീട്ടി. മൊത്തം കൊടുത്താല്‍ ഒറ്റയടിക്ക് തിന്നുമെന്ന് ഉറപ്പായതിനാല്‍ ഓരോ പഴം വീതം ആനയ്ക്ക് പിഴുതെടുത്ത് നല്‍കി.

ഒരു ഘട്ടത്തില്‍ പഴത്തിന്റെ തൊലിയും കളഞ്ഞാണ് ആനയ്ക്ക് നല്‍കിയത്. ഒടുവില്‍ കവറില്‍ നിന്ന് അടുത്ത കിലോ പഴവും കൊടുത്തു തുടങ്ങി. വിശന്ന് ആന കട്ടകലിപ്പില്‍ നില്‍ക്കുമ്പോളാണ് യുവാവിന്റെ സാഹസിക പ്രകടനം.

തുമ്പിക്കയ്യും കൊമ്പും ഉപയോഗിച്ച് ആന മുന്നോട്ട് ആഞ്ഞുതള്ളിയതോടെ യുവാവ് അകലേക്ക് തെറിച്ച് തല കുത്തി വീഴുകയായിരുന്നു.

മരത്തിന് കീഴെ പന്തുപോലെ ചുരുണ്ടുകൂടിയ യുവാവിനെ സുഹൃത്തുക്കള്‍ പിന്നെ താങ്ങിക്കൊണ്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Top