ഇലക്ട്രോണിക്‌സ് കമ്പനികള്‍ സജീവമാകുന്നു; ലക്ഷ്യം ഓണ വിപണി

കൊച്ചി: കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ തകര്‍ന്നു പോയ ഉത്സവക്കച്ചവടത്തിലെ നഷ്ടം തിരികെ പിടിക്കാന്‍ വമ്പന്‍ ഓഫറുകളും പുതുനിര ഉത്പന്നങ്ങളുമായി ഇലക്ട്രോണിക്‌സ് കമ്പനികള്‍ വിപണിയില്‍ സജീവമായി. 25 ശതമാനം മുതല്‍ 30 ശതമാനം വളര്‍ച്ചയാണ് വിവിധതരം ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ഓണകച്ചവടത്തില്‍ നിന്നാണ് ഇന്ത്യയിലെ മുഴുവന്‍ ഉത്സവക്കച്ചവടത്തിനും തുടക്കമാവുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനം വരെയുള്ള ആദ്യ പാദം ഇന്ത്യയാകെ ഉഷ്ണകാലമാകയാല്‍ എസി വിപണി ഉണര്‍ന്നിരുന്നു. 15 ശതമാനം മുതല്‍ 18 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തി. ഫ്രിഡ്ജുകളുടെ വില്‍പ്പനയില്‍ 10 ശതമാനം മുതല്‍ 12 ശതമാനം വര്‍ധനവുണ്ടായി. ഇത് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ മാത്രം കണക്കനുസരിച്ച് 66 ശതമാനം വളര്‍ച്ചയാണ് ഫ്രിഡ്ജ് വില്‍പ്പനയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 30 ശതമാനം മാത്രമായിരുന്നു ഇത്. വാഷിങ് മെഷീനും 30 ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തി.

പ്രമുഖ ബ്രാന്‍ഡായ ഗോദ്‌റെജ് ഗൃഹോപകരണങ്ങള്‍ക്ക് കേരളത്തിലെ ഓണവില്‍പ്പന ലക്ഷ്യം 230 കോടിയാണ്. സോണി കോര്‍പ്പറേഷന്‍ ഓണത്തിന് അവരുടെ എല്ലാ ഉത്പന്നങ്ങളും ചേര്‍ത്ത് 50 ശതമാനം വളര്‍ച്ചയോടെ 190 കോടിയുടെ വില്‍പ്പനയാണു പ്രതീക്ഷിക്കുന്നത്. വോള്‍ട്ടാസ് പ്രതീക്ഷിക്കുന്നത് 60 കോടിയുടെ വില്‍പ്പനയാണ്. ഈ കച്ചവടം ട്രാക്കിലായാല്‍ കേരളത്തിലെ ബാങ്കിങ്ങ് മേഖലയിലും ബാങ്കിങ്ങ് ഇതര ധനകാര്യ മേഖലയിലും കണ്‍സ്യൂമര്‍ ലോണുകള്‍ക്കും ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Top