വൈദ്യുതി സബ്‌സിഡി; ഒമാന്‍ സര്‍ക്കാരിന് 41 ദശലക്ഷത്തിന്റെ അധികവരുമാനം

ഒമാന്‍: വൈദ്യുതിക്ക് നല്‍കി വരുന്ന സബ്‌സിഡിയില്‍ കുറവ് വരുത്തിയതോടെ ഒമാന്‍ സര്‍ക്കാരിന് 41 ദശലക്ഷത്തിന്റെ അധികവരുമാനം. 2016നെ അപേക്ഷിച്ച് 8.3 ശതമാനം ആണ് സബ്‌സിഡി കുറഞ്ഞത്.

കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള നിരക്കുവര്‍ധനവാണ് സബ്‌സിഡിയിനത്തിലെ ലാഭത്തിന് വഴിയൊരുക്കിയത്. 2016ല്‍ 497 ദശലക്ഷം റിയാലാണ് സബ്‌സിഡി ഇനത്തില്‍ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 456 ദശലക്ഷം റിയാലായാണ് കുറഞ്ഞത്. വ്യക്തിതല സബ്‌സിഡി 2016ല്‍ 463 റിയാല്‍ ആയിരുന്നത് കഴിഞ്ഞ വര്‍ഷം 398 റിയാലായി കുറഞ്ഞതായും നമാ ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോട്ടില്‍ പറയുന്നു.

ഓരോ യൂണിറ്റിന്റെയും സബ്‌സിഡിയാകട്ടെ 16.43 റിയാലില്‍ നിന്ന് 14.14 റിയാലായും കുറഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കളുടെ എണ്ണം 6.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ വൈദ്യുതി ശൃംഖലയുടെ വിപുലീകരണത്തിനായി മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുകയും ചെയ്തതായി റിപ്പോട്ടില്‍ പറയുന്നു.

Top