ഇനിമുതല്‍ വൈദ്യുത വിതരണത്തിന് സ്മാര്‍ട്ട് മീറ്ററുകള്‍

വൈദ്യുതി വിതരണത്തിന് സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വിതരണ പദ്ധതിക്കു തുടക്കമിടുകയാണ് ഇന്ത്യ. ഈ പദ്ധതിയിലൂടെ 250 ദശലക്ഷം പരമ്പരാഗത മീറ്ററുകള്‍ മാറ്റിവയ്ക്കാനാണ് രാജ്യം ഒരുങ്ങുന്നത്.

പ്രസരണ നഷ്ടം കുറയ്ക്കാന്‍ സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുക എന്നത് കുറെ കാലമായി സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ സാമ്പത്തിക വകുപ്പു മന്ത്രി നിര്‍മല സീതാരാമന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പരമ്പരാഗത മീറ്ററുകള്‍ മാറ്റി സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്മാര്‍ട് മീറ്ററുകള്‍ എത്തുന്നതോടെ റീഡിങ് എടുക്കാനും, ബില്ലു നല്‍കാനും പണം സ്വീകരിക്കാനും വേണ്ട ജോലിക്കാരുടെ ആവശ്യം കുറയും. വൈദ്യുതി നഷ്ടം എവിടെയാണ് നടക്കുന്നതെന്നു എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് (discoms) സ്മാര്‍ട് മീറ്ററുകള്‍ എത്തിച്ചു നല്‍കി ഈ പദ്ധതിയിലും തങ്ങളുടെ സജീവ സാന്നിധ്യമുറപ്പാക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്യൂണിക്കേഷന്‍ കാര്‍ഡുകള്‍, ടെലികോം, ക്ലൗഡ് സേവന ആതിഥേയത്വം, വൈദ്യുതിയുടെ ഡേറ്റാ കളക്ഷന്‍ റീഡിങ് എന്നിവയിലും റിലയന്‍സിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. പുതിയ സ്മാര്‍ട് മീറ്ററുകള്‍, കടത്തില്‍ മുങ്ങിക്കിടക്കുന്ന ഡിസ്‌കോമുളുടെ വാര്‍ഷിക വരുമാനം 1.38 ട്രില്ല്യന്‍ രൂപയാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

Top