സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

ഷാർജ : സാങ്കേതിക തകരാറിനെ തുടർന്ന് നിലച്ച ഷാർജയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സജാ ഏരിയയിലെ ഗ്യാസ് പ്ലാന്റിലെ സാങ്കേതിക തകരാർ വേഗം പരിഹരിച്ചതോടെയാണ് പ്രതിസന്ധി തീർന്നത് എന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അല്‍ മജാസ് 1,2,3 ഡിസ്ട്രിക്കുകൾ, അൽ നഹ്ദ, അൽ താവുൻ, അൽ റഹ്മാനിയ, അബു ഷഗാറ, അൽ മംസാർ, അൽ യർമൂഖ്, അൽ ഖാൻ, അൽ ഖസ് ബ എന്നിവിടങ്ങളിലടക്കം വിവിധ പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചത്.

സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്ന് വൈദ്യുത നിലയങ്ങളിലേക്ക് വാതകം ഒഴുകാത്തതിനെ തുടർന്നായിരുന്നു ഇത്. കുടുംബങ്ങൾക്ക് അടക്കം പലർക്കും ഏറെ നേരം കടുത്ത ചൂട് സഹിക്കേണ്ടിവന്നു. എന്നാൽ വളരെ വേഗം പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ഗുണകരമായി. അടിയന്തരാവസ്ഥയെത്തുടർന്നാണ് ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (എസ്ഇഡബ്ല്യുഎ) ഗ്യാസ് പൈപ്പ് ലെയ്നുകളുടെ വാൽവുകൾ അടച്ചതെന്ന് ബ്യൂറോ വിശദീകരിച്ചു. ഗ്യാസ് പ്ലാന്റിൽ ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ, സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ നേരിട്ട് അടയ്ക്കാറാണ് പതിവ്. വലിയ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനും മുഴുവൻ ഗ്യാസ് കോംപ്ലക്‌സും പുനരാരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

Top