വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് ജലവൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ബോര്‍ഡ് ജലവൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതോടെയാണ് ഉത്പാദനം വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസം ഉപയോഗിച്ച തോതിലാണ് മാര്‍ച്ച് ആദ്യമായപ്പോഴേക്കും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.

പകലും രാത്രിയിലും ഒരു പോലെ വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന് ജനങ്ങള്‍ എ.സിയുടേയും ഫാനിന്റേയും ഉപയോഗം വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം. പതിവില്‍ നിന്നും വ്യത്യസ്തമായി രാത്രി 10 മണിക്ക് ശേഷമാണ് കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്.

സാധാരണ ഏപ്രില്‍ അവസാനവും മെയ് മാസത്തിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ചൂടു കൂടിയതോടെ എ.സി ഉള്‍പ്പെടെയുള്ള വൈദ്യോതപകരണങ്ങളുടെ ഉപയോഗം വര്‍ധിക്കുകയായിരുന്നു. 2019 മെയ് 23നാണ് ഉപയോഗം സര്‍വകാല റെക്കോഡിലെത്തിയത്. 88.34 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം.

Top