മരട് ഫ്ലാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു ; ഉടമകള്‍ പ്രതിഷേധിക്കുന്നു

കൊച്ചി : മരടിലെ നാല് ഫ്ലാറ്റുകളിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കാനെത്തിയത്.

നാല് ഫ്ലാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയാണ് കെഎസ്ഇബിയുടെ നടപടി. വൈദ്യുതി വിഛേദിച്ചതില്‍ പ്രതിഷേധിച്ച് ഫ്ലാറ്റ് ഉടമകൾ പ്രതിഷേധം ആരംഭിച്ചു.

അതിക്രൂരമായ നടപടിയാണിതെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി , ജലവിതരണം തുടങ്ങിയവ നിർത്തലാക്കാൻ വൈദ്യുതി വകുപ്പും ജലസേചന വകുപ്പും ഇന്നലെ ഫ്ലാറ്റുകളിലെത്തി നോട്ടീസ് പതിച്ചിരുന്നു. നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സബ് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. പാചകവാതക കണക്ഷനുകൾ വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും ഇന്ന് ഉണ്ടാകും.വെള്ളിയാഴ്ചക്കുള്ളിൽ ജലവിതരണം നിർത്തലാക്കണം എന്നാണ് നഗരസഭാ നിർദേശം.

അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.

Top