Electric Vehicles Piyush Goyal

ന്യൂഡല്‍ഹി: 2030ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ 100 ശതമാനമാക്കുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍. ഇതിനായി ഡൗണ്‍ പേമെന്റ് ഇല്ലാതെതന്നെ ഇലക്ട്രിക് കാര്‍ വാങ്ങാന്‍ കഴിയുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്.

വിലകൂടിയ ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കി അതിനു ചെലവാക്കുന്ന തുക ജനങ്ങള്‍ക്ക് സേവിംഗ്‌സ് ആക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിഐഐ യംഗ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെല്‍ഫ് ഫിനാന്‍സിംഗോടെ ആവിഷ്‌കരിക്കുന്ന ഈ പദ്ധതിവഴി 2030 ആകുമ്പോഴേക്കും 100 ശതമാനം ഇലക്ട്രിക് കാറുകളുള്ള ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടല്‍.

പദ്ധതിയുടെ നടത്തിപ്പിനായി ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിധിന്‍ ഗഡ്കരി, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയവര്‍ അംഗങ്ങളായുള്ള സമിതിയുണ്ട്. അടുത്ത മാസം ആദ്യവാരം സമിതി യോഗം ചേരും.

തുശ്ചമായ ചെലവുള്ള വാഹനങ്ങള്‍വഴി ജനങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. നേരത്തെ മാര്‍ക്കറ്റ് വിലയിലും താഴ്ന്ന വിലയില്‍ എല്‍ഇഡി ബള്‍ബുകള്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ രാജ്യത്ത് വിതരണം ചെയ്ത് ഊര്‍ജവകുപ്പ് തരംഗം സൃഷ്ടിച്ചിരുന്നു. ഈ പദ്ധതി വഴി 8.32 കോടി എല്‍ഇഡി ബള്‍ബുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

ഇതിനു സമാനമായി മാര്‍ക്കറ്റ് വിലയിലും താഴ്ന്ന നിരക്കില്‍ ഫാനുകളും എയര്‍ കണ്ടീഷണറുകളും തവണ വ്യവസ്ഥയില്‍ വിതരണം ചെയ്യാന്‍ ഊര്‍ജമന്ത്രാലയത്തിന് പദ്ധതിയുണ്ട്.

Top