ഇ-വാഹന നികുതി 12-ല്‍ നിന്ന് 5 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെയും ചാര്‍ജറുകളുടെയും നികുതി വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 39-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം. ഇ- വാഹന നികുതി നിലവിലെ പന്ത്രണ്ടില്‍ നിന്ന് അഞ്ചു ശതമാനമാക്കും. നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ ആരും എതിര്‍ത്തില്ല.

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജറുകളുടെ ജിഎസ്ടി 18ല്‍ നിന്ന് അഞ്ച് ശതമാനമാക്കി. പ്രാദേശിക ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനത്തിനും കൗണ്‍സില്‍ അംഗീകാരം നല്‍കി. അടുത്തമാസം ഒന്നു മുതല്‍ പുതിയ നികുതികള്‍ പ്രാബല്യത്തില്‍ വരും.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതികള്‍ കുറച്ചത്. ഇന്ത്യയെ ഇലക്ട്രിക് വാഹന നിര്‍മാണത്തിന്റെ ഹബ്ബാക്കി മാറ്റാനാണു സര്‍ക്കാര്‍ പദ്ധതി. അതിനായി ഇലക്ട്രിക് വാഹന ഘടകങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ചാര്‍ജിങ് സ്റ്റേഷനുകളും മറ്റ് അടിസ്ഥാന വികസനങ്ങളും ഉടന്‍ നടപ്പാക്കും.

Top