Electric vehicle makers seek extension of FAME scheme to 5 yrs

വൈദ്യുത വാഹനങ്ങള്‍ക്ക് ‘ഫെയിം’ പദ്ധതി പ്രകാരം അനുവദിച്ച ഇളവുകള്‍ അഞ്ചു വര്‍ഷത്തേക്കു കൂടിതുടരണമെന്ന് വൈദ്യുത വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്(എസ് എം ഇ വി).

ഈ വിഭാഗത്തിലെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഇളവുകള്‍ തുടരേണ്ടതാണെന്നാണു സൊസൈറ്റിയുടെ നിലപാട്.

വൈദ്യുത വാഹന ലഭ്യത, ആവശ്യം, ഗവേഷണ – വികസനം തുടങ്ങിയവ അടിസ്ഥാനമാക്കി ഈ മേഖലയ്ക്കായി ദീര്‍ഘകാല നയരൂപീകരണം നടത്തണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുത വാഹനം വാങ്ങാനായി അനായാസ വായ്പ ലഭ്യമാക്കുക, പെട്രോള്‍ പമ്പുകളില്‍ ഓരോ ചാര്‍ജിങ് പില്ലര്‍ എങ്കിലും നിര്‍ബന്ധമായും ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വൈദ്യുത വാഹനം ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ് എം ഇ വി ഉന്നയിച്ചു.

രാജ്യത്ത് വൈദ്യുത വാഹന വില്‍പ്പനയും ഉപയോഗവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പ്ലാനിന്റെ ഭാഗമായി ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ(ഫെയിം ഇന്ത്യ) പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം വൈദ്യുത, സങ്കര ഇന്ധന ഇരുചക്രവാഹനങ്ങള്‍ക്ക് 29,000 രൂപയുടെയും വൈദ്യുത കാറുകള്‍ക്ക് 1.38 ലക്ഷം രൂപയുടെയും ഇളവുകളാണു ലഭിക്കുക.

ആദ്യ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ ഫെയിം പദ്ധതിക്കായി 795 കോടി രൂപയും വകയിരുത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്കു കൂടി ‘ഫെയിം ഇന്ത്യ’ പദ്ധതി നീട്ടുന്നത് വൈദ്യുത വാഹന നിര്‍മാണ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് എസ് എം ഇ വി ഡയറക്ടര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) സൊഹിന്ദര്‍ ഗില്‍ അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ മേഖലയിലെ പുരോഗതി വൈദ്യുത വാഹന നിര്‍മാണ വ്യവസായത്തിനു സ്ഥിരത സമ്മാനിക്കും. എന്നാല്‍ ഇതിനെല്ലാം മേഖലയ്ക്കായി ദീര്‍ഘകാല നയരൂപീകരണം അത്യാവശ്യമാണെന്നും ഗില്‍ വ്യക്തമാക്കി.

Top