സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഇലക്ട്രിക്ക് വാഹനം നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ഗഡ്കരി

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി.ഇ-വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയടക്കം നല്‍കുന്നുണ്ട്.രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതും ചാര്‍ജിങ്ങ് സംവിധാനം ഒരുക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ഗോ ഇലക്ട്രിക് ക്യാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. അന്തരീക്ഷ മലിനീകരണം ഉള്‍പ്പെടെ കുറയ്ക്കുന്നതിനായി മറ്റ് മേഖലകളിലും ഇലക്ട്രിക് പവര്‍ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ പ്രതിമാസം ഇന്ധനത്തിനായി ചെലവഴിക്കുന്ന 30 കോടി രൂപ ലാഭിക്കാന്‍ സാധിക്കും.ഇതിനുപുറമെ, അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ എന്റെ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ശക്തമായ ബദലാകാന്‍ സാധിക്കുന്നത് ഇലക്ട്രിക്കിന് മാത്രമാണ്. പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ ചെലവും മലിനീകരണവും വൈദ്യതിക്ക് കുറവാണ്. ഊര്‍ജ മന്ത്രിയുടെ വകുപ്പിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

 

Top