ആഡംബര ഇലക്ട്രിക് എസ്.യു.വിയായ ഔഡി ഇ-ട്രോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്ത്യയിലെ ആദ്യ ആഡംബര ഇലക്ട്രിക് എസ്.യു.വി മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി. ജൂലായ് 12 ന് നടത്താനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഇ-ട്രോണ്‍ മോഡല്‍ കമ്പനി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. ഇ-ട്രോണ്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം ഒരു കോടിക്ക് മുകളിലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് വിവരം.

ഔഡി ഗ്ലോബല്‍ ലൈനപ്പിലെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് മോഡല്‍ കൂടിയാണ് ഇ-ട്രോണ്‍. ആക്ടീവ് ഫ്‌ളാപ്പ്‌സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും. ഇ-ട്രോണിന് കണ്ണാടികളില്ല. വശങ്ങളിലെ എ പില്ലറുകളില്‍ കണ്ണാടിക്ക് പകരം ക്യാമറകളാണ് നല്‍കിയിട്ടുള്ളത്. ഇവയില്‍ നിന്നുള്ള ദൃശ്യം അകത്തെ സ്‌ക്രീനില്‍ തെളിയും.

95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ 408 ബിഎച്ച്പി പവറും ലഭിക്കും. നോര്‍മല്‍ ചാര്‍ജര്‍ ഉപയോഗിച്ച് എട്ടര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം, ഫാസ്റ്റര്‍ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റിലും.

5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. 660 ലിറ്റര്‍ ലഗേജ് സ്‌പേസ് പിന്നിലുണ്ട്. 4901 മില്ലിമീറ്റര്‍ നീളവും 1935 മില്ലിമീറ്റര്‍ വീതിയും 1616 മില്ലിമീറ്റര്‍ ഉയരവും. 2928 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

Top