എംജിയുടെ 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ സൈബര്‍സ്റ്റെര്‍

വൈദ്യുത സ്‌പോര്‍ട്‌സ് കാറായ സൈബര്‍സ്റ്റെറിനെ പ്രദര്‍ശിപ്പിച്ച് എംജി മോട്ടോര്‍. എംജിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2024 ല്‍ പുതിയ വാഹനം പുറത്തിറങ്ങും എന്നാണ് കമ്പനി അറിയിക്കുന്നത്. മനോഹരമായ രൂപവും മികച്ച സ്‌റ്റൈലുമായിട്ടാണ് ഇലക്ട്രിക് സൂപ്പര്‍സ്‌പോര്‍ട്‌സ് കാര്‍ എത്തുക.

പുതുതലമുറയെ ലക്ഷ്യമിട്ടെത്തുന്ന സൈബര്‍സ്റ്റെറില്‍ ഗെയ്മിങ് കോക്പിറ്റാണ് എംജി സജ്ജീകരിച്ചിരിക്കുന്നത്. എംജി ബി റോഡ്സ്റ്ററിന്റെ കണ്‍വെര്‍ട്ട്ബ്ള്‍ ആകൃതിയാണ് ‘സൈബര്‍സ്റ്റെറി’നായി എം ജി ഗ്ലോബല്‍ ഡിസൈന്‍ ടീം കടമെടുത്തിരിക്കുന്നത്. ഇന്റലിജന്റ് പ്യുവര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ചറും ഫൈവ് ജി കണക്ടിവിറ്റിയുമൊക്കെയായി എത്തുന്ന ‘സൈബര്‍സ്റ്റെറി’ന് ഒറ്റ ചാര്‍ജില്‍ 800 കിലോമീറ്റര്‍ പിന്നിടാനാവുമെന്നാണ് എം ജി മോട്ടോറിന്റെ വാഗ്ദാനം.

വെറും മൂന്നു സെക്കന്‍ഡില്‍ കാര്‍ നിശ്ചലാവസ്ഥയില്‍ നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ‘കാംബാക്ക്’ ശൈലിയിലുള്ള രൂപകല്‍പ്പനയാണു ‘സൈബര്‍സ്റ്റെറി’ന്റെ പിന്‍ഭാഗത്തിന്; പെട്ടെന്നു പരത്തിയതു പോലുള്ള പിന്‍ഭാഗം റിയര്‍ സ്‌പോയ്‌ലര്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം മികച്ച ഏറോഡൈനമിക് ക്ഷമതും നല്‍കുമത്രെ.

‘കാംബാക്ക്’ ആകൃതിക്ക് ഔട്ട്‌ലൈന്‍ നല്‍കും വിധമാണ് എല്‍ ഇ ഡി ടെയില്‍ലൈറ്റിന്റെ രൂപകല്‍പ്പന. മുന്നിലാവട്ടെ ക്ലാസിക് എം ജി ശൈലിയിലുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ‘മെലിഞ്ഞ’ ശൈലിയിലുള്ള ഗ്രില്ലുമാണ്. കഴിഞ്ഞ കാലങ്ങളിലെ ‘കബ്രിയൊലെ’കളെ അനുസ്മരിപ്പിക്കും വിധമാണ് ഈ രൂപകല്‍പ്പന. കാഴ്ചപ്പകിട്ടിനായി ‘മാജിക് ഐ’ ഇന്ററാക്ടീവ് ഹെഡ്‌ലൈറ്റുകളുമുണ്ട്.

പാര്‍ശ്വ വീക്ഷണത്തിലാവട്ടെ, എല്‍ ഇ ഡി ലൈറ്റ് സ്ട്രിപ് സൃഷ്ടിക്കുന്ന ‘ലേസര്‍ ബെല്‍റ്റ്’ ആണു പ്രധാന ആകര്‍ഷണം; കാറിന്റെ മുന്നില്‍ നിന്നു പിന്‍ഭാഗത്തേളം നീളുന്ന ഈ സ്ട്രിപ് മികച്ച കാഴ്ചപ്പകിട്ടാണു ‘സൈബര്‍സ്റ്റെറി’നു സമ്മാനിക്കുന്നത്. സെന്‍ട്രല്‍ ലോക്കിങ് മെക്കാനിസവും ചക്രത്തിനൊപ്പം തിരിയുന്ന സ്‌പോക്കും സഹിതമാണു പ്രകടനക്ഷമതയേറിയ വീലുകളുടെ വരവ്. പ്രകടനക്ഷമതയേറിയ കാറുകളില്‍ കാണാറുള്ള വീലുകള്‍ക്കു സമാനമാണിത്.

 

Top