ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍

ലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിക്കൊരുങ്ങി ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍. നഗരത്തില്‍ ആദ്യം നടപ്പിലാക്കിയ സ്മാര്‍ട്ട് ബൈക്ക് പദ്ധതി വിജയിച്ചതിന് പിന്നാലെയാണ് ഇല്ക്ട്രിക്ക് സ്‌കൂട്ടര്‍ പദ്ധതിയുമായ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പദ്ധതി സെപ്തംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കം.

ആദ്യ ഘട്ടത്തില്‍ 500 ഇ സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകള്‍ വീതമാണ് ലഭ്യമാവുക. കൗണ്‍സിലിന്റെ ‘ NDMC 311’ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സ്‌കൂട്ടര്‍ ഉപയോഗിക്കാനാവൂ. തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷനിലെത്തി മൊബൈല്‍ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം.

സ്‌കൂട്ടര്‍ സ്‌റ്റേഷനില്‍ നിന്ന് എടുക്കുന്നത് മുതല്‍ തിരിച്ച് വയ്ക്കുന്നത് വരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. 20 മിനിട്ടാണ് ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം. മെട്രോ സ്റ്റേഷനുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന സ്‌കൂട്ടര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

Top