രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുത വാഹനങ്ങളുടെ വില കുറയുമെന്ന് ഗഡ്കരി

മുംബൈ: പരമാവധി രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോള്‍ വാഹനങ്ങളുടേതിനു തുല്യമാകുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

”വൈദ്യുത സ്‌കൂട്ടര്‍, വൈദ്യുത കാര്‍, വൈദ്യുത റിക്ഷ എന്നിവയുടെ വില ഗണ്യമായി കുറയും. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറഞ്ഞു വരികയാണ്. രാജ്യത്ത് സിങ്ക് അയണ്‍ ബാറ്ററി, അലുമിനിയം അയണ്‍ ബാറ്ററി തുടങ്ങിയവയുടെ നിര്‍മാണം ആരംഭിക്കും.

പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ 100 രൂപ മുടക്കേണ്ട സ്ഥാനത്ത് വൈദ്യുത വാഹനങ്ങളില്‍ 10 രൂപ മുടക്കിയാല്‍മതി”- ഗഡ്കരി പറഞ്ഞു. ജനപ്രതിനിധികള്‍ ഹരിത ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top