അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരുന്നു; ശക്തമായ പ്രതിഷേധ പരിപാടികളുമായി എഎപി

ദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. മദ്യനയ രൂപീകരണത്തിലും കോഴ ഇടപാടിലും കെജ്രിവാളിന് നിർണായക പങ്കുണ്ടെന്ന് ഇഡി ആരോപിച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കവിതയേയും കെജ്രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതും അന്വേഷണത്തിന് ഗുണകരമാണെന്ന നിലപാടാണ് ഇഡിയുടേത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ. ദില്ലി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കെടുക്കും. അറസ്റ്റിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്പിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘെരാവോ മോഡൽ സമരമുറയാകും സ്വീകരിക്കുകയെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ നേരത്തെ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. കവിതയെ വീണ്ടും ദില്ലി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കവിതയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെടും. ജാമ്യം ആവശ്യപ്പെട്ട് കവിത വിചാരണക്കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

 

Top