ഇലക്ടറൽ ബോണ്ട് കേസ്: എസ്ബിഐ കൈമാറിയ പുതിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐ നൽകിയ പുതിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സൈറ്റിൽ പരസ്യപ്പെടുത്തി. ഇലക്ടറൽ ബോണ്ട് സീരിയൽ നമ്പർ അടക്കമാണ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്.

സുപ്രീം കോടതിയുടെ താക്കീതിനു പിന്നാലെ തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകളും ഒരോ ബോണ്ടിലെയും സവിശേഷ നമ്പറുകളും ഉൾപ്പെടെയാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്നാണ് എസ്ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചത്.

എസ്ബിഐ നേരത്തെ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും വ്യാഴാഴ്ച അഞ്ചു മണിക്കു മുൻപേ കൈമാറണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ലഭിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.ഇലക്ടറ‌‌ൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു മുൻപു കോടതി നൽകിയ നിർദേശം.

എന്നാൽ, ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്ബിഐ കൈമാറിയതും കമ്മിഷൻ പ്രസിദ്ധീകരിച്ചതും. തുടർന്നാണ് വിഷയം കോടതി സ്വമേധയാ വീണ്ടും പരിഗണിച്ചത്. മാർച്ച് 18ന് കേസ് പരിഗണിച്ച കോടതി ‘തിരഞ്ഞെടുത്ത’ വിവരങ്ങൾ മാത്രമല്ല, ഇലക്ടറ‌‌ൽ ബോണ്ടുമായി ബന്ധപ്പെട്ടു കൈവശമുള്ള സകലവിവരവും തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറാൻ സുപ്രീം കോടതി എസ്ബിഐയോട് നിർദേശിക്കുകയായിരുന്നു.

Top