ശബരിമലയെ ‘കൈ’ വിട്ട് കോണ്‍ഗ്രസ്സ്, ശബരിമല വിഷയമാകില്ലെന്ന് !

Mullapally Ramachandran

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശബരിമല കാര്യത്തില്‍ യു.ഡി.എഫിന്റെ നിലപാടാണ് ജനത്തിന് സ്വീകാര്യം. വിശ്വാസ വിഷയത്തില്‍ നെഹ്‌റു മുതലുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. എന്നാല്‍, ഈ നിലപാട് രാഷ്ട്രീയമായി ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മഹായാത്ര പര്യടനത്തിനിടെ തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണവും കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണവുമാണ് കോണ്‍ഗ്രസും യു.ഡി.എഫും പ്രചാരണമാക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ 25നകം നിശ്ചയിക്കും. സുധീരന്‍ മത്സരിക്കുമെങ്കില്‍ ഏറ്റവും സന്തോഷം ,രാഹുല്‍ ഗാന്ധി ഏതെങ്കിലുമൊരു പ്രത്യേക വ്യക്തിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പ്പര്യമെടുത്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.കെ. ആന്റണിയുടെ മകന്‍ അനിലിന് പാര്‍ട്ടിയുടെ ഐ.ടി വിഭാഗത്തിന്റെ ചുമതല നല്‍കിയത് ശശി തരൂര്‍ എം.പിയുടെ നിര്‍ദ്ദേശപ്രകാരമാണ്. ഇതില്‍ കഴിവ് മാത്രമാണ് മാനദണ്ഡം.ഈ വിഷയത്തില്‍ ആന്റണിയെ വലിച്ചിഴക്കരുത്. കഴിവും കാര്യശേഷിയുമുണ്ടെങ്കില്‍ ആര് വരുന്നതിലും വിരോധമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യത മാത്രമാണ് മാനദണ്ഡമായി കാണുന്നത്. അതില്‍ വനിത, യുവ പ്രാതിനിധ്യത്തിന്റെ പേരിലുള്ള വിട്ടുവീഴ്ചക്കില്ല. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ച ഇത്തവണ ഉണ്ടാകില്ല.

വടകര സീറ്റ് ആര്‍.എം.പിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു തലത്തിലും ചര്‍ച്ച ഉണ്ടായിട്ടില്ല. തൃശൂരില്‍ ഉണ്ടായത് പോലുള്ള പോസ്റ്റര്‍ പ്രചാരണം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എല്‍.ഡി.എഫിന്റെ കേരള രക്ഷായാത്ര എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി
യാത്ര ഉദ്ഘാടനം ചെയ്യുന്ന സീതാറാം യെച്ചൂരി, അരിയില്‍ ഷുക്കൂര്‍ വധം അദ്ദേഹം പതിവായി സംഘപരിവാറിനെതിരെ ആരോപിക്കാറുള്ള ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഗണത്തില്‍ വരുമോയെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു.

Top