തൃക്കാക്കര നഗരസഭയില്‍ അധ്യക്ഷയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന്

Thrikkakara Corporation

കൊച്ചി : തൃക്കാക്കര നഗരസഭയില്‍ അധ്യക്ഷയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11മണിക്കാണ് തെരഞ്ഞെടുപ്പ്. മരോട്ടിച്ചുവട് ഡിവിഷനിലെ അജിത തങ്കപ്പനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഉഷ പ്രവീണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ അധ്യക്ഷയും നിലംപതിഞ്ഞിമുഗള്‍ കൌണ്‍സിലറുമായ കെ.കെ നീനു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിന് മുമ്പ് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ ധാരണയിലെത്തും. ഇരുകൂട്ടര്‍ക്കും തുല്യവോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെയാകും അധ്യക്ഷയെ കണ്ടെത്തുക.

അവിശ്വാസ പ്രമേയം കൊണ്ടുവന്നാണ് യുഡിഎഫ് നീനുവിനെ പുറത്താക്കിയിരുന്നത്. കോണ്‍ഗ്രസിലെ എം ടി ഓമനയായിരുന്നു പിന്നീട് അധ്യക്ഷയായത്. എന്നാല്‍ യുഡിഎഫിലെ അധ്യക്ഷപദവി വീതം വയ്പ്പില്‍ പരിഗണന കിട്ടാതിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷീല ചാരു കൂറുമാറിയതോടെ എം ടി ഓമനയ്ക്ക് അധ്യക്ഷ പദവി നഷ്ടമായി.

അധ്യക്ഷ പദവി നല്‍കിയാണ് എല്‍ഡിഎഫ് 9 മാസം മുന്‍പ് ഷീല ചാരുവിനെ കൂറുമാറ്റി നഗരസഭയില്‍ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് കൂറുമാറ്റത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ ഷീല ചാരു അയോഗ്യയായി.

കൗണ്‍സിലര്‍ സ്ഥാനത്ത് ഷീല ചാരുവിന് തുടരാമെങ്കിലും വോട്ടവകാശം ഇല്ല. ഇതോടെ 43 അംഗ കൌണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 21 വീതം വോട്ടുകളായി.

Top