കോണ്‍ഗ്രസിന് വോട്ട് ചെയ്തപ്പോള്‍ തെളിഞ്ഞത് താമര; റീ പോളിംഗ് വേണമെന്നാവശ്യവുമായി യുവതി

തിരുവനന്തപുരം: വോട്ട് ചെയ്തത് കോണ്‍ഗ്രസിനാണെങ്കിലും അത് പോയത് താമരയ്ക്കാണെന്ന പരാതിയുമായി യുവതി രംഗത്ത്. തിരുവനന്തപുരം സ്വദേശി യുവതിയാണ് പരാതിയുമായെത്തിയത്. വോട്ട് തെറ്റായി രേഖപ്പടുത്തിയതിനാല്‍ വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

”രാവിലെ വോട്ട് ചെയ്യാന്‍ പോയത് കോണ്‍ഗ്രസിനാണ്. ഒരുപാട് നേരം പ്രസ് ചെയ്തപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിച്ചില്ല. അടുത്തിരുന്ന ഓഫീസറോട് പറഞ്ഞപ്പോള്‍ സഹായത്തിന് വന്നു. പ്രസ് ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് കൊടുത്ത വോട്ട് താമരക്കാണ് പോയത്. വി.വിപാറ്റിലും മെഷീനിലും താമരയാണ് തെളിഞ്ഞത്. അത് കൃത്യമായി കണ്ടു. ആദ്യം ഭര്‍ത്താവിനോടാണ് പറഞ്ഞത്. എനിക്ക് താമരക്ക് വോട്ടു കൊടുക്കണ്ട. കോണ്‍ഗ്രസിനു തന്നെ കൊടുക്കണം. റീപോളിംഗ് വേണം”-യുവതി പറഞ്ഞു.

എന്നാല്‍ പരാതിപ്പെട്ടിട്ടും മെഷീന്‍ തകരാര്‍ ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അറിയാത്തതു കൊണ്ടുള്ള പ്രശ്‌നമാണെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് പരാതിക്കാരുടെ ഭര്‍ത്താവ് പറഞ്ഞു. വോട്ട് മാറിപ്പോയ 76 പേര്‍ക്കും വീണ്ടും റീപോളിംഗിന് അവസരം കൊടുക്കണമെന്ന ആവശ്യവുമായി എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.

Top