അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മിസോറമില്‍

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. രാഹുല്‍ ഗാന്ധി ഇന്ന് മിസോറമില്‍ എത്തും. ഭാരത് ജോഡോ മാതൃകയില്‍ മിസോറാമില്‍ രാഹുല്‍ പദയാത്ര നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണം രാജസ്ഥാനിലാണ്.

ഛത്തീസ്ഗഢിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കും. രാജ്നന്ദ് ഗാവില്‍ ആഖജ സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ് മഹാസഭയിലും അമിത് ഷാ സംസാരിക്കും. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഒക്ടോബര്‍ 18ന് ഇരുവരും തെലങ്കാനയില്‍ എത്തും. ഇരുവരെയും പങ്കെടുപ്പിച്ച് സംസ്ഥാനത്തുടനീളം ബസ് യാത്ര സംഘടിപ്പിക്കാന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ രാജസ്ഥാന്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും കോണ്‍ഗ്രസും പുറത്ത് വിട്ടിരുന്നു. രാജസ്ഥാനിലെ ബിജെപിയുടെ ആദ്യഘട്ട പട്ടികയില്‍ മുന്‍മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ ഇടംപിടിച്ചിട്ടില്ല. ഏഴ് സിറ്റിങ്ങ് എംപിമാരെ ഉള്‍പ്പെടുന്നതാണ് രാജസ്ഥാനിലെ ബിജെപിയുടെ ആദ്യഘട്ട പട്ടിക. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ ബിജെപി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങ് ഇടംപിടിച്ചിട്ടുണ്ട്.

Top