തെരെഞ്ഞെടുപ്പ്: യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് പി.ജെ. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും.

പട്ടാമ്പി സീറ്റു വേണമെന്ന കടുംപിടുത്തമാണ് ലീഗുമായുളള പ്രശ്നത്തിന് കാരണം.മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാനബിന്ദു.ചര്‍ച്ചകള്‍ നീളുമ്പോഴും തര്‍ക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടരുകയാണ്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

Top