തീയതി ഇന്നറിയാം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈകിട്ട് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്നറിയാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 4.30 ന് നടക്കും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിക്കുക. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ വച്ചായിരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ മാധ്യമങ്ങളെ കാണുക.

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അതിനാല്‍, ഇക്കാര്യത്തിന് പ്രഥമ പരിഗണന നല്‍കിയായിരിക്കും തീയതികളും മറ്റും തീരുമാനിക്കുക. അതിനാല്‍, കേരളത്തിലും ഇത്തവണ ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിനോട്‌ യോജിപ്പ് ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിനും ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.

ബൂത്തുകളുടെ എണ്ണത്തിലും സമയപരിധിയിലും വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടുന്നത്. പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് എന്ന് യുഡിഎഫും ബിജെപിയും പ്രതികരിച്ചു.

രാഷ്ട്രീയ അന്തരീക്ഷം കേരളത്തില്‍ യുഡിഎഫിന് അനുകൂലമാണെന്നും വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ അവസരമാക്കി ഇത്തവണ യുഡിഎഫ് മാറ്റുമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

Top