തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ കത്ത്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത തുടരുന്നു. ഇത് സംബന്ധിച്ച് അശോക് ലവാസയ്ക്ക് സുനില്‍ അറോറ കത്ത് നല്‍കി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ലീന്‍ ചിറ്റ് സംബന്ധിച്ച വിഷയത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചട്ടം ലംഘിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലുള്ള വിയോജിപ്പുകള്‍ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ സഹകരിക്കണമെന്നും കാണിച്ചാണ് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തുകള്‍ നല്‍കിയത്.

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയതില്‍ ആറ് തവണയാണ് അശോക് ലവാസ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഈ യോഗങ്ങളുടെ മിനിട്സിലൊന്നും അശോക് ലവാസയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

Top