ഉജ്വല വിജയത്തിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് ചൗക്കിദാര്‍ എടുത്ത് മാറ്റി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു പിന്നാലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ചൗക്കിദാര്‍ (കാവല്‍ക്കാരന്‍) വിശേഷണം എടുത്ത് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ പേരില്‍നിന്ന് ചൗക്കിദാര്‍ ഒഴിവാക്കുകയാണെന്നും എന്നാല്‍ ഇത് തന്നില്‍ അവിഭാജ്യഘടകമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരും ഇതുപോലെ ചൗക്കിദാര്‍ വിശേഷണം ഒഴിവാക്കണം. ചൗക്കിദാറിന്റെ സത്ത അടുത്ത ഘട്ടത്തിലേക്ക് എത്തിക്കേണ്ട സമയമാണിതെന്നും മോദി ട്വീറ്റ് ചെയ്തു. ഈ ഒരു ഉത്സാഹം എല്ലാ നിമിഷവും നിലനിര്‍ത്തുക. ഇന്ത്യയുടെ പുരോഗതിക്കായി ജോലിചെയ്തുകൊണ്ടിരിക്കുക എന്നും മോദി ആഹ്വാനം ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേരില്‍നിന്ന് ചൗക്കിദാര്‍ ഒഴിവാക്കി.

മേം ഭീ ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ജനപ്രിയമായതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് ‘ചൗക്കിദാര്‍ നരേന്ദ്ര മോദി’ എന്നാക്കി മാറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) മുദ്രാവാക്യത്തിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇത്.

Top