ചങ്ങനാശേരി സീറ്റ് തര്‍ക്കം; ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം:സിപിഐ, കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന് ചേരും. എല്‍ഡിഎഫ് പ്രകടനപത്രികയാണ് പ്രധാന അജണ്ട. കേരള കോണ്‍ഗ്രസ് എമ്മിന്റേയും സിപിഐയുടേയും സീറ്റുകള്‍ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ചങ്ങനാശേരി സീറ്റിനെ ചൊല്ലി തര്‍ക്കം തുടരുകയാണ്.

വൈകീട്ടത്തെ എല്‍ഡിഎഫ് യോഗത്തിന് മുമ്പ്  ഉഭയകക്ഷി ചര്‍ച്ചകളില്‍ ധാരണയായാല്‍ മാത്രം ഒരോ കക്ഷികള്‍ക്കുള്ള സീറ്റ് സംബന്ധിച്ച് എല്‍ഡിഎഫ് യോഗത്തില്‍ തന്നെ അന്തിമ രൂപമാകും. മാര്‍ച്ച് പത്തിനകം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമം. സിപിഎം ജില്ലാ നേതൃയോഗങ്ങളും തുടരുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി സിപിഎം മലപ്പുറം ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് ചേരും.

രാവിലെ ഒമ്പതുമണിക്ക് സെക്രട്ടറിയറ്റും ഉച്ചക്ക് 12 മണിക്ക് ജില്ലാ കമ്മിറ്റിയുമാണ് ചേരുക. പൊന്നാനിയില്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റരുതെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യമുണ്ട്. പി നന്ദകുമാറിനെയാണ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. ഏറനാട് പരിഗണിക്കുന്ന ഫുട്‌ബോള്‍ താരം യു ഷറഫലിക്ക് വിജയസാധ്യതയില്ലെന്ന് ചില ലോക്കല്‍ കമ്മിറ്റികള്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ചേര്‍ത്തല, ഹരിപ്പാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ സിപിഐയില്‍ ആശയക്കുഴപ്പമുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പ് പരിഹരിച്ച് ചേര്‍ത്തലയിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക വെല്ലുവിളിയാണ്.

 

Top