പൊന്നാനിയിൽ ഏതു വെല്ലുവിളിയും നേരിടാൻ തയ്യാറായി ഇടതുപക്ഷം . . .

ടതുപക്ഷ സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പിണറായി വിജയന്റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുകയെന്നും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കാറുളളതെന്നുമാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ശ്രീധരന്റെ കണ്ണില്‍, ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളുമാണ് മാന്യന്മാര്‍. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ  കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണെന്നും ബി.ജെ.പിയുടെ ഈ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് നല്ല സെക്രട്ടറി ഇല്ലാത്തതു കൊണ്ടാണെന്നും ഇ.ശ്രീധരന്‍ ന്യായീകരിച്ചിട്ടുണ്ട്. മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ നിലപാട് ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവുമെന്നും സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നെന്നും തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് അന്നു മാറി നില്‍ക്കേണ്ടി വന്നതെന്നും അഭിമുഖത്തില്‍ മെട്രോമാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ മറുപടിയില്‍ നിന്നു തന്നെയാണ് ചില ചോദ്യങ്ങളും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. 75 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളതിനാല്‍ കേന്ദ്ര മന്ത്രിയാവാതിരുന്ന ശ്രീധരന്‍ എന്തിനാണിപ്പോള്‍ 88 വയസ്സില്‍ കൂടുതലുള്ളപ്പോള്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്നതിന് മറുപടി പറയണം. മുഖ്യമന്ത്രിയാകാനാണ് താന്‍ മത്സരിക്കുന്നതെന്നു കൂടി അദ്ദേഹം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇപ്പോഴത്തെ നിലപാടിനു പിന്നില്‍ മറ്റു ചില ‘കാര്യങ്ങള്‍’ കൂടി ഉണ്ടെന്നു തന്നെ കരുതേണ്ടി വരും.

പുതിയ നിലപാടിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താണെന്നത് വൈകിയായാലും പുറത്തു വരിക തന്നെ ചെയ്യും. അക്കാര്യം എന്തായാലും ഉറപ്പാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ബീജെ.പി ഇത്തവണ രണ്ടു സീറ്റിലെങ്കിലും ജയിക്കാന്‍ പറ്റുമോ എന്നതാണ് പരമാവധി നോക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബി.ജെ.പി അധികാരം പിടിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞാല്‍ അത് സംഘപരിവാര്‍ അണികള്‍ പോലും വിശ്വാസത്തിലെടുക്കുകയില്ല. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് എന്നതിലുപരി വലിയ ഗൗരവം ഈ അവകാശവാദത്തിന് രാഷ്ട്രീയ നിരീക്ഷകരും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍, യു.ഡി.എഫ് നേതാക്കള്‍ക്ക് മെട്രോമാന്‍ നല്‍കിയ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് രാഷ്ട്രീയ നിരീക്ഷകരെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശ്രീധരന്റെ തന്ത്രപരമായ നീക്കമായാണ് ഈ ‘സുഖിപ്പിക്കല്‍’ വിലയിരുത്തപ്പെടുന്നത്.

തിരഞ്ഞെടുപ്പില്‍ ഒരു ‘കൈ’ സഹായം ശ്രീധരനും ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തം. പൊന്നാനി, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും ശ്രീധരനെ മത്സരിപ്പിക്കാനാണ് നിലവില്‍ ബി.ജെ.പി ശ്രമിക്കുന്നത്. പരിവാര്‍ സംഘടനകളുടെ സ്വാധീനം മുന്‍ നിര്‍ത്തിയാണ് ഈ ആലോചന. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വാധീന മേഖലകളും ശ്രീധരനു വേണ്ടി ബി.ജെ.പി പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ എവിടെ വിജയിക്കണമെങ്കിലും യു.ഡി.എഫിന്റെ സഹായം വേണ്ടി വരുമെന്നാണ് ശ്രീധരന്‍ കണക്കു കൂട്ടുന്നത്. അതുകൊണ്ടു തന്നെയാണ്, ഒരു മുഴം മുന്‍പേ അദ്ദേഹം ഇപ്പോള്‍ എറിഞ്ഞിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായ ആര്യാടന്‍ മുഹമ്മദിനെ പ്രശംസിക്കുക വഴി ജന്മനാടായ പൊന്നാനിയെയാണ് ശ്രീധരന്‍ ലക്ഷ്യമിടുന്നത്.

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന് പരാജയം തുടര്‍ക്കഥയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഇടതിനൊപ്പമാണ് പൊന്നാനിയുടെ സഹവാസം. ഇത്തവണ വലത്തോട്ട് പറിച്ചുനടാനായില്ലെങ്കില്‍ പൊന്നാനിക്കാറ്റിന്റെ ദിശ എന്നെന്നേക്കുമായി ഇടത്തോട്ടു തന്നെയാകുമെന്ന കാര്യവും ഉറപ്പാണ്. പി.ശ്രീരാമകൃഷ്ണന്‍ 2011ല്‍ പൊന്നാനിയില്‍ നിന്നും ആദ്യമായി മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 4,104 ആയിരുന്നു. എന്നാല്‍ 2016ല്‍ ഭൂരിപക്ഷം 15,640 ആയി കുത്തനെ വര്‍ദ്ധിക്കുകയാണുണ്ടായത്.

അഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയുമാണ് പൊന്നാനി മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ ഭൂരിപക്ഷം പതിമൂവായിരത്തിനും മുകളിലാണ്. പൊന്നാനി നഗരസഭയില്‍ മാത്രം ആറായിരത്തിനടുത്താണ് ഭൂരിപക്ഷം. ചരിത്രത്തില്‍ ആദ്യമായി പൊന്നാനി നഗരസഭ തുടര്‍ ഭരണത്തിലേക്ക് എത്തിയതും ഇത്തവണയാണ്. ഏറ്റവും വലിയ ഭൂരിപക്ഷവും ഇവിടെ ചെമ്പട നേടുകയുണ്ടായി. 51 വാര്‍ഡുകളുള്ള നഗരസഭയില്‍ 38 എണ്ണവും ഇടതുപക്ഷമാണ് തൂത്തുവാരിയത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നാലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. നറുക്കെടുപ്പിലൂടെ ഭരണം കിട്ടിയ വെളിയങ്കോട് മാത്രമാണ് യു.ഡി.എഫിനും കോണ്‍ഗ്രസ്സിനും ആശ്വാസമായുള്ളത്. 15 വര്‍ഷമായി യു.ഡി.എഫ് ഭരിച്ചിരുന്ന പെരുമ്പടപ്പ് പഞ്ചായത്ത് ഇത്തവണ ഇടതു മുന്നണി പിടിച്ചെടുത്തത് യു.ഡി.എഫിന് ഓര്‍ക്കാപ്പുറത്തുള്ള പ്രഹരം തന്നെയായിരുന്നു.

ആലങ്കോട് പഞ്ചായത്തിലും ഇടതുമുന്നണിയാണ് ഭരണം പിടിച്ചിരിക്കുന്നത്. മാറഞ്ചേരിയിലും നന്നംമുക്കിലും ഭരണം നിലനിറുത്തുവാനും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ പൊന്നാനി ജനത നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും ഈ വിജയ ചരിത്രം തന്നെയാണ്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി. ശ്രീരാമകൃഷ്ണന്‍ തന്നെയാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെങ്കില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന അഭിപ്രായം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ തന്നെയുണ്ട്. കോണ്‍ഗ്രസ്സിന്റെ ഈ ആശങ്ക മുതലെടുക്കാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്.

ശ്രീധരനെ മത്സരിപ്പിച്ചാല്‍ ശക്തമായ ത്രികോണ മത്സരം സാധ്യമാകുമെന്നാണ് കാവിപ്പടയുടെ കണക്കുകൂട്ടല്‍. അതേസമയം, ഇടതുപക്ഷ ക്യാംപ് ഇപ്പോഴും വലിയ ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഇത്തവണ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ശ്രീരാമകൃഷ്ണന്‍ വിജയിക്കുമെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായാണ് അണികളെല്ലാം കാത്തിരിക്കുന്നത്. പൊന്നാനിയില്‍ ഇത്തവണ കോ-ലീ -ബി സഖ്യ സാധ്യത മുന്നില്‍ കണ്ടു തന്നെയാണ് ഇടതുപക്ഷം മുന്നാട്ട് പോകുന്നത്. സര്‍ക്കാറിന്റെ ധീരമായ നിലപാടുകളും വികസന പ്രവര്‍ത്തനങ്ങളും എം.എല്‍.എയുടെ മണ്ഡലത്തിലെ ഇടപെടലുമെല്ലാം ഇടതു പ്രവര്‍ത്തകര്‍ അക്കമിട്ടാണ് നിരത്തുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇടതുപക്ഷ നിലപാടും പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

നിയമം നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് വീണ്ടും വിഷയം സജീവമാകാന്‍ കാരണമായിരിക്കുന്നത്. ഒരു കാരണവശാലും ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രഖ്യാപിച്ചിരിക്കുന്നത്. ‘നടപ്പാക്കില്ല എന്നു പറഞ്ഞാല്‍, നടപ്പാക്കില്ല എന്നതു തന്നെ’ എന്ന കര്‍ക്കശ സ്വരത്തിലുള്ള പിണറായിയുടെ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ അണി നിരന്ന പ്രക്ഷോഭം നടത്തിയിരുന്നതും ഇടതുപക്ഷമാണ്. യു.ഡി.എഫിന്റെ മനുഷ്യ ഭൂപടം വെറും ‘പടമായി’ മാറിയപ്പോള്‍ 80 ലക്ഷത്തോളം പേര്‍ അണിനിരന്ന മനുഷ്യ ശൃംഖല ചരിത്രമായാണ് മാറിയിരുന്നത്.

ഇതിപ്പോള്‍, തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും മുന്നില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രതിരോധ ശൃംഖല കൂടിയാണ്. മനുഷ്യ ശൃംഖല പരാജയപ്പെടുത്താന്‍ ലീഗും കോണ്‍ഗ്രസ്സും സ്വീകരിച്ച നിലപാടുകള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യാപകമായാണ് ചര്‍ച്ച ചെയ്യപ്പെടുവാന്‍ പോകുന്നത്. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍, കടുത്ത എതിര്‍പ്പ് സമസ്ത നേതൃത്വത്തിനും ലീഗിനോടുണ്ട്.

മനുഷ്യ ശൃംഖലയില്‍ സമസ്ത ഉള്‍പ്പെടെ പങ്കെടുത്തതും, ലീഗ് നേതൃത്വത്തിന്റെ എതിര്‍പ്പു തള്ളി തന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണെന്ന അഭിപ്രായമാണ് വിവിധ മുസ്ലീം സംഘടനകള്‍ക്ക് ഇപ്പോഴുമുള്ളത്. ആ നിലപാടില്‍ തന്നെ ഇപ്പോഴും ഈ വിഭാഗങ്ങള്‍ ഉറച്ചു നില്‍ക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പൗരത്വ നിയമ ഭേദഗതി വീണ്ടും ചര്‍ച്ചയാവുന്നത് യു.ഡി.എഫ് നേതാക്കളുടെ ഉറക്കമാണ് കെടുത്തുന്നത്.

Top