മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ ടിക്കാറാം മീണ തന്നെ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിച്ചു: ശ്രീധരന്‍പിള്ള

sreedharanpilla

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ താന്‍ മാപ്പു പറഞ്ഞെന്ന പ്രസ്താവനയിലൂടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ ഇകഴ്ത്തിക്കാട്ടുവാന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഏറ്റുമുട്ടാന്‍ താനില്ലെന്നും താനും മീണയും നിയമത്തിന് അതീതരല്ലെന്നും തന്റെ ഭാഗത്താണ് സത്യമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവെന്നും ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ വിമര്‍ശിച്ചിരുന്നു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ പിഎസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ബാലക്കോട്ട് ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

എന്നാല്‍ കേസിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. പിന്നില്‍ ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമുണ്ടെന്നും പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്നും ഒരു മതത്തെ കുറിച്ചും പരാമര്‍ശമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താന്‍ കുറ്റക്കാരനല്ല. കോടതി വിധി എതിരായാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചയാളെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തിന് അര്‍ഹനല്ല. എന്നാല്‍ ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പരാതി നല്‍കിയ വി.ശിവന്‍കുട്ടി പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ, ശ്രീധരന്‍പിള്ള നേര്‌ത്തെ ചോദിച്ചിരുന്നു.

ബാലക്കോട്ടില്‍ കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ച് പറയുന്നത് മതസ്പര്‍ധയുണ്ടാക്കിയെന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

Top