election-oommen chandy-sudheeran-issue

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിച്ചില്ല. കെ. ബാബുവിനെയും അടൂര്‍ പ്രകാശിനെയും തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ആരോപണം നേരിട്ടവരെ മാറ്റണമെങ്കില്‍ താനും മാറി നില്‍ക്കാമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നോടിയായി നടന്ന ചര്‍ച്ചയിലാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും സീറ്റുതര്‍ക്കങ്ങള്‍ക്ക്
പരിഹാരമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം എകെ ആന്റണിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവര്‍ അനൗദ്യോഗികമായി യോഗം ചേര്‍ന്നിരുന്നു. അഞ്ച് സിറ്റിംഗ് എംഎല്‍എമാര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ തന്നെയാണ് സുധീരന്‍.

ഘടകകക്ഷികളുമായി ധാരണയിലെത്തിയശേഷം ഇന്ന് തന്നെ തെരഞ്ഞെടുപ്പ് സമിതി വീണ്ടും യോഗം ചേരുമെന്ന് സുധീരന്‍ അറിയിച്ചു. മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സുധീരന്‍ പറഞ്ഞു. 75ശതമാനം സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചില സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമാകാനുണ്ടെന്നും ചെന്നിത്തല സൂചിപ്പിച്ചു.

മുസ്ലീംലീഗ്, ജെഡിയു തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. പൂഞ്ഞാര്‍, കുട്ടനാട് മണ്ഡലങ്ങള്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന് തന്നെ തുടര്‍ന്നും വിട്ടുനല്‍കുന്നതിന് ധാരണയായി.

Top