കേവലഭൂരിപക്ഷം കടന്ന് ബിജെപി ; 331 സീറ്റിൽ എൻഡിഎ മുന്നിൽ

ന്യൂഡല്‍ഹി : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം തെളിയുമ്പോള്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭുരിപക്ഷം കടന്നു. വെല്ലുവിളികളില്ലാതെ എന്‍ഡിഎ കുതിപ്പ് തുടരുകയാണ്. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 450 പിന്നിടുമ്പോള്‍ 331 സീറ്റുകളില്‍ എന്‍ഡിഎ ലീഡു ചെയ്യുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന,ഗുജറാത്ത്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ മുന്നേറ്റം നടത്തി. ബംഗാളില്‍ ബിജെപിയാണ് മുന്നില്‍. ഛത്തീസ്ഗഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഡല്‍ഹിയില്‍ ഏഴു സീറ്റിലും ബിജെപിയാണ് മുന്നില്‍. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിലാണെന്നാണ് വിവരം. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നിൽ. വൻ മുന്നേറ്റമാണ് അമേഠിയിൽ സ്മൃതി ഇറാനി നടത്തുന്നത്. നരേന്ദ്ര മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറിലും കൂറ്റന്‍ വിജയം നേടി.

അതേസമയം ആന്ധ്രാപ്രദേശില്‍ മികച്ച വിജയം നേടിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് തെലുങ്കിലും ഒഡീഷയില്‍ ജയം നേടിയ ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്നായിക്കിന് ഒഡിയയിലും പ്രധാനമന്ത്രി അഭിനന്ദന ട്വീറ്റ് ചെയ്തു.

Top