തെരഞ്ഞെടുപ്പ്; മഞ്ചേശ്വരത്തെ ഫലത്തില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി

വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഫലത്തില്‍ ആശങ്കയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് പറഞ്ഞതില്‍ മാറ്റമില്ല. എന്നാല്‍ മഞ്ചേശ്വരത്ത് എനിക്ക് ആശങ്കയുണ്ട്. അവിടെ എല്‍ഡിഎഫ് – ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമേശിന്റെ വിജയത്തിനായി സിപിഎം സജീവമായി പ്രവര്‍ത്തിച്ചിട്ടില്ല. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് ക്യാംപ് ആകെ മ്ലാനമായിരുന്നു. അവിടെ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയോ എന്നെനിക്ക് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബിജെപിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരാളെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.

ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചപ്പോഴും നേമത്ത് ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ മഞ്ചേശ്വരത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. നേമത്ത് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top