തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍, മോദിയുടെ നമോ ടിവി അപ്രത്യക്ഷമായി

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രിയുടെ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്ന നമോ ടി.വി. ചാനല്‍ അപ്രത്യക്ഷമായി. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചരണം തീര്‍ന്ന ദിവസമാണ് ടി.വി.യുടെ സംപ്രേഷണവും നിലച്ചതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്കായി മാര്‍ച്ച് അവസാനത്തിലാണ് നമോ ടി.വി സംപ്രേഷണം ആരംഭിച്ചത്. ബി.ജെ.പി. ഐ.ടി. സെല്ലിന്റെ മേല്‍നോട്ടത്തില്‍ മുന്നോട്ട് പോയിരുന്ന ചാനലില്‍ മോദിയുടെ പ്രസംഗങ്ങളും റാലികളുമായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

അതേസമയം, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നമോ ടി.വി. ആരംഭിച്ചതെന്നും അതിനാല്‍ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ മെയ് 17-ന് തന്നെ ചാനലിന്റെ പ്രക്ഷേപണം അവസാനിപ്പിച്ചുവെന്നും ബി.ജെ.പി. വ്യക്തമാക്കി

ചാനലിലെ പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതോടെ നമോ ടി.വി.യെ ചൊല്ലി നേരത്തെ വിവാദമുയര്‍ന്നിരുന്നു. ചാനലിന്റെ ലൈസന്‍സിനെ സംബന്ധിച്ചും ആക്ഷേപമുണ്ടായി. എന്നാല്‍ നമോ ടി.വി. വെറും പരസ്യപ്ലാറ്റ്ഫോമാണെന്നും ഇതിന് അപ് ലിങ്കിങ്, ഡൗണ്‍ലിങ്കിങ് അനുമതി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.

Top