യുദ്ധ കാഹളം മുഴങ്ങി, ‘തീ’ പാറുന്ന പോരാട്ടത്തിലേക്ക് 5 സംസ്ഥാനങ്ങൾ !

രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകളാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. അസമില്‍ ഭരണം നില നിര്‍ത്തേണ്ടത് ബി.ജെ.പിക്ക് അനിവാര്യമാണ്. പുതുച്ചേരി ഇത്തവണ പിടിച്ചെടുക്കുമെന്നതാണ് കാവിപ്പടയുടെ മറ്റൊരു അവകാശവാദം. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും സഖ്യ കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ വരാന്‍ കഴിയുമെന്നും ബി.ജെ.പി സ്വപ്നം കാണുന്നുണ്ട്. കേരളത്തില്‍ പരമാവധി 10 സീറ്റുകളാണ് ബി.ജെ.പി ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്.

എന്നാല്‍, സി.പി.എമ്മിനെ സംബന്ധിച്ച് അവര്‍ കേരളത്തില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നത്. പിണറായി സര്‍ക്കാറിന്റെ വികസന പദ്ധതിക്കും ജനക്ഷേമ പദ്ധതികള്‍ക്കുമുള്ള അംഗീകാരം ഇത്തവണയും ലഭിക്കും എന്നു തന്നെയാണ് ഇടതിന്റെ പ്രതീക്ഷ. പശ്ചിമ ബംഗാളില്‍ ഇത്തവണ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ ബി.ജെ.പി ഒഴികെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയെ നയിക്കുന്നത് സി.പി.എമ്മാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത് ബംഗാളില്‍ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ്സിനാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ചോരുമെന്ന ഭയം മുഖ്യമന്ത്രി മമതയ്ക്കുമുണ്ട്.

ഫെബ്രുവരി 11 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവാവ് മരിച്ച സംഭവം, പശ്ചിമ ബംഗാള്‍ സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിമരുന്നിട്ടിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മൈദുള്‍ ഇസ്ലാം മിദ്യ എന്ന യുവാവാണ് കൊല്ലപ്പെട്ടിരുന്നത്. ഈ സംഭവം തിരഞ്ഞെടുപ്പില്‍ ഇടതിന്റെ പ്രധാന പ്രചരണായുധമായി മാറുമെന്ന കാര്യവും ഉറപ്പാണ്. അതേസമയം, ഇത്തവണ ഉറപ്പായും ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നേറുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമായിരിക്കുന്നത് നേതാക്കളുടെ മയക്കു മരുന്നു ഇടപാടാണ്. യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബി.ജെ.പി നേതാവ് രാകേഷ് സിങ് ഉള്‍പ്പെടെ അറസ്റ്റിലാണ്. ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ രാകേഷിനെ ബര്‍ദ്വാനിലെ ഗല്‍സിയില്‍നിന്നാണ്, കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

കൊക്കെയ്ന്‍ പിടികൂടിയ കേസിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗമായ രാകേഷ് സിങ്ങാണെന്നും അദ്ദേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ കുടുങ്ങിയതെന്നുമാണ് അറസ്റ്റിലായ പമേലയും ആരോപിച്ചിരിക്കുന്നത്. കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെയാണ് അവര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്ര മന്ത്രിമാരെയും രംഗത്തിറക്കി ബംഗാള്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഈ സംഭവം ഏറെ നാണക്കേടായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതുപക്ഷവും കോണ്‍ഗ്രസ്സും ശക്തമായ കാമ്പയിനാണ് ബംഗാളില്‍ നടത്തി വരുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ബംഗാളില്‍ നടക്കാന്‍ പോകുന്നത്.

ഒവൈസി ഭിന്നിപ്പിക്കുന്ന വോട്ടുകളില്‍ ഇടതുപക്ഷത്തിനും ഇപ്പോള്‍ പ്രതീക്ഷ ഏറെയാണ്. ന്യൂനപക്ഷ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായാല്‍ ഭരണം കൈവിട്ടു പോകുമെന്ന ആശങ്കയിലാണ് മമത ഭരണകൂടം. വരും ദിവസങ്ങളില്‍ പ്രചരണത്തിലൂടെ ഈ ഭീഷണി മറികടക്കാന്‍ കഴിയുമെന്നാണ് തൃണമൂല്‍ പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണി നിലവില്‍ വലിയ പ്രതീക്ഷയിലാണ്. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷം ഭരണം ഇത്തവണ തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഡി.എം.കെ മുന്നണി കരുതുന്നത്. സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ ഈ സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ്സുമായുള്ള സഖ്യം സീറ്റു വിഭജനത്തെ ആശ്രയിച്ചാണ് ഇനി ഉണ്ടാകുക. കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഡി.എം.കെ. പോണ്ടിച്ചേരിയിലെ അനുഭവമാണ് അവരെ ഇത്തരമൊരു കടുത്ത നിലപാടിന് പ്രേരിപ്പിച്ചിരിക്കുന്നത്.

അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലുള്ള ബി.ജെ.പിയാവട്ടെ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇരു മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നത് നടന്‍ കമല്‍ഹാസനും, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുമാണ്. കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം പിടിക്കുന്ന വോട്ടുകള്‍ ഡി.എം.കെ സഖ്യത്തെയാണ് പ്രധാനമായും ബാധിക്കുക. ശശികല വിഭാഗം ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ പിടിക്കുന്ന വോട്ടുകള്‍ അണ്ണാ ഡി.എം.കെ വോട്ട് ബാങ്കിനെയാണ് പിളര്‍ത്തുക. ഇതു ഒഴിവാക്കാന്‍ ശശികലയുമായും ടി.ടി.വി ദിനകരനുമായും ബി.ജെ.പി നേതൃത്വം നിരന്തരം ബന്ധപ്പെട്ടു വരികയാണ്. കമല്‍ ഹാസനെ അനുനയിപ്പിക്കാന്‍ സി.പി.എം രംഗത്തുണ്ടെങ്കിലും കമലിന്റെയും സ്റ്റാലിന്റെയും പിടിവാശിമൂലം അതും പാളിയിട്ടുണ്ട്.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് വിമതരെ മുന്‍ നിര്‍ത്തി ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇവിടെയും ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ കോണ്‍ഗ്രസ്സിന് അത് വലിയ തിരിച്ചടിയാകും. അസമില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നുണ്ടെങ്കിലും സംഘടനാപരമായ ദൗര്‍ബല്യം അവര്‍ക്കു വലിയ തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശക്തമായ പ്രഹരമാകും. അസമിലെ ഭരണം നിലനിര്‍ത്തുകയും പശ്ചിമ ബംഗാള്‍ ഭരണം പിടിക്കുകയുമാണ് ബി.ജെ.പി ലക്ഷ്യം. പതുച്ചേരിയിലും പുതു പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. അതിനു കഴിഞ്ഞില്ലങ്കില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിലും വലിയ അഴിച്ചു പണിക്ക് സാധ്യതയുണ്ട്.

2021 ല്‍ നടക്കുന്ന യു.പി തിരഞ്ഞെടുപ്പിനെയും ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കും എന്നതിനാല്‍ ബി.ജെ.പി വലിയ ജാഗ്രതയിലാണ്. കേന്ദ്ര ഭരണത്തിന്റെ സകല സംവിധാനവും ഉപയോഗിച്ചാണ് കാവിപ്പട നിലവില്‍ പടവെട്ടുന്നത്. മോദിയും അമിത് ഷായും ഉള്‍പ്പെടെ കേന്ദ്ര മന്ത്രിപ്പട അഞ്ചു സംസ്ഥാനങ്ങളിലും പ്രചരണത്തിനെത്തും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ശക്തമായി രംഗത്തുണ്ടാകും. കോണ്‍ഗ്രസ്സിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമാണ് പ്രധാനമായും രംഗത്തിറങ്ങുന്നത്. ഇടതുപക്ഷത്തിനു വേണ്ടി സീതാറാം യെച്ചൂരി, പിണറായി വിജയന്‍, ഡി.രാജ തുടങ്ങിയവരും സജീവമായി രംഗത്തിറങ്ങും. ബംഗാളിലെ സി.പി.എം നേതാക്കള്‍ ഇതിനകം തന്നെ സംസ്ഥാന വ്യാപകമായ പര്യടനം തുടങ്ങിയിട്ടുണ്ട്.

കേരളത്തിലും ഇടതു ജാഥകള്‍ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തമിഴകത്ത് നിലവില്‍, സിനിമാ താരങ്ങളെ രംഗത്തിറക്കാന്‍ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ശ്രമിക്കുന്നുണ്ട്. ബംഗാളില്‍ താരപ്പടയെ രംഗത്തിറക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയുമാണ് മത്സരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ്സാണ് ആദ്യം തന്നെ താരങ്ങള്‍ക്ക് പിന്നാലെ പോയിരിക്കുന്നത്. ആരുടെ കാലു പിടിച്ചായാലും അധികാരത്തില്‍ വരിക എന്നതു മാത്രമാണ് താരങ്ങള്‍ക്ക് പിന്നാലെ ഓടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഗതികേട് എന്നു പറയേണ്ടതും ഇതിനെയൊക്കെയാണ്.

Top