ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിനെ നേരിടണം: പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ മഞ്ചേശ്വരത്തു കേസ് അവസാനിപ്പിച്ച ശേഷം തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന കെ.സുരേന്ദ്രന്റെ പരാമര്‍ശത്തോടു പ്രതികരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധി മറി കടക്കാനുള്ള നിയമ നിര്‍മ്മാണം നടത്തുവാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശൗര്യം കാണിക്കേണ്ടതെന്നും സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നു പറയുവാന്‍ അമിത് ഷായ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്‍പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കെ.സുരേന്ദ്രന്‍ കേസ് തുടരുമെന്ന് അറിയിച്ചത്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top