തെരഞ്ഞെടുപ്പ്; ബന്ധുക്കള്‍ക്കായി ആവശ്യങ്ങള്‍ ഉയര്‍ത്തരുതെന്ന് ജെ.പി നദ്ദ

ലക്‌നൌ: യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ. ലക്‌നൗവിലെ രണ്ട് ദിന സന്ദര്‍ശനത്തിന് ഇടയ്ക്കാണ് നദ്ദയുടെ നിര്‍ദ്ദേശങ്ങള്‍. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സ്വന്തം അജെന്‍ഡകള്‍ നടപ്പിലാക്കാനായി ഒരുങ്ങരുതെന്നും നദ്ദ പറഞ്ഞു.

ഒരു എംഎല്‍എയോ എംപിയോ തങ്ങളുടെ ബന്ധുക്കള്‍ക്കായി തെരഞ്ഞെടുപ്പില്‍ ആവശ്യങ്ങള്‍ ഉയര്‍ത്തരുതെന്നും നദ്ദ വ്യക്തമാക്കി. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത് അതിന് പകരം പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്കായി നിലകൊള്ളണമെന്നും നദ്ദ ആവശ്യപ്പെട്ടു. എംപിമാരോടും എംഎല്‍എമാരോടും ഓരോ ഗ്രാമങ്ങളിലും പ്രചാരണത്തിനായി എത്തണമെന്നും നദ്ദ ആവശ്യപ്പെട്ടു.

ഓരോ വീടുകളില്‍ എത്തി ബിജെപി സര്‍ക്കാര്‍ ചെയ്ത അഭിമാനാര്‍ഹമായ നേട്ടങ്ങളേക്കുറിച്ച് വോട്ടര്‍മാരോട് സംസാരിക്കണമെന്നും നദ്ദ വിശദമാക്കി. രാജ്യത്തെ മികച്ച ജനാധിപത്യ പാര്‍ട്ടി ബിജെപി ആണെന്നും മറ്റ് പാര്‍ട്ടികളില്‍ കുടുംബ രാഷ്ട്രീയമാണെന്നും നദ്ദ പറയുന്നു. ബൂത്ത് കമ്മിറ്റി തലങ്ങളില്‍ വരെ ചെന്ന് നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. ഓരോ പതിനഞ്ച് ദിവസവും ബൂത്ത് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വോട്ടര്‍മാരെ കാണണമെന്നും നദ്ദ പറഞ്ഞു.

 

Top