തെരഞ്ഞെടുപ്പ് അടുത്തു; ഇന്ത്യക്കാരെ വരുതിയിലാക്കാന്‍ തന്ത്രവുമായി ജോ ബൈഡന്‍

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ വോട്ട് തനിക്ക് അനുകൂലമാക്കാന്‍ എച്ച്1ബി വീസകള്‍ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയില്‍നിന്നുള്ള ഐടി പ്രഫഷനലുകള്‍ കൂടുതല്‍ ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

യുഎസിലൊരു തൊഴില്‍ സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്കു വേണ്ടിയുള്ള വീസയായിരുന്നു എച്ച്1ബി. എന്നാല്‍ തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ അമേരിക്കന്‍ പൗരന്മാരുടെ ജോലി സംരക്ഷിക്കാന്‍ വിദേശത്തുനിന്നുള്ളവര്‍ക്കു നല്‍കി വന്നിരുന്ന എച്ച്1ബി വീസകള്‍ ഉള്‍പ്പെടെയുള്ളവ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈവര്‍ഷം അവസാനം വരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇത് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്കു വന്‍ തിരിച്ചടിയാണ്.

എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസിഫിക് ഐലന്‍ഡര്‍ (എഎപിഐ) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. എച്ച്1ബി വീസയുള്ളവര്‍ യുഎസിനു വേണ്ടി ചെയ്ത കാര്യങ്ങളെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ‘ട്രംപ് ഈ വര്‍ഷം അവസാനത്തേക്കു വരെ എച്ച്1ബി വീസകള്‍ സസ്‌പെന്‍ഡ് ചെയ്തു. അത് എന്റെ ഭരണകൂടത്തിലുണ്ടാകില്ല’ ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

രേഖകളിലില്ലാത്ത 11 ദശലക്ഷത്തോളം വരുന്ന കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കുന്ന ബില്ലിന് ആദ്യ ദിവസം തന്നെ അനുമതി നല്‍കും. ഇതില്‍ എഎപിഐ വിഭാഗത്തില്‍നിന്നുള്ള 1.7 ദശലക്ഷം ആളുകളും ഉള്‍പ്പെടും. കുടുംബങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതിലാണ് എന്റെ കുടിയേറ്റനയം രൂപപ്പെടുന്നത്. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ക്രൂരവും മനുഷ്യത്വരഹിതവുമാണ്’ ബൈഡന്‍ പറഞ്ഞു.

Top