രാജസ്ഥാനില്‍ ബി.ജെ.പിയെ വിറപ്പിച്ച് സച്ചിന്‍, ‘സെമിഫൈനല്‍’ നിര്‍ണ്ണായകം . .

sachin-congress

ഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള സെമിഫൈനല്‍ മത്സരങ്ങളായി വേണം ഇതിനെ വിലയിരുത്താന്‍.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കു നേരെയാണ് പോരാട്ടം. ലോക്സഭാ മത്സരത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും ഈ സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകമാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മൂന്ന് കാലയളവില്‍ ബിജെപി അധികാരത്തിലുണ്ടായിരുന്നു. രാജസ്ഥാനില്‍ ഇരു പാര്‍ട്ടികളും ഇടവിട്ട് വിജയം നേടിക്കൊണ്ടിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജെ ഇത്തവണ ഈ ഓള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍ മറികടന്ന് അധികാരത്തില്‍ തിരിച്ചു വരുമെന്നാണ് അവകാശപ്പെടുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഇവ മൂന്നും എപ്പോഴും വിജയിക്കുന്ന പാര്‍ട്ടിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കുന്ന ഒരു ട്രന്‍ഡ് നിലവിലുണ്ട്. രാജസ്ഥാനില്‍ 2014ല്‍ 13 ശതമാനം വ്യത്യാസമായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ ഉണ്ടായിരുന്നത്. അതേസമയം, മധ്യപ്രദേശില്‍ 8 ശതമാനവും ഛത്തീസ്ഗഡില്‍ വെറും 1 ശതമാനത്തിന്റെയും വോട്ട് വ്യത്യാസവും മാത്രമാണ് ഉണ്ടായിരുന്നത്.

modi-rahul

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിലൂടെ ഈ മൂന്ന് സംസ്ഥാനങ്ങളും തൂത്ത് വാരിയാണ് ബിജെപി അധികാരത്തില്‍ എത്തിയത് എന്ന് പറയേണ്ടി വരും. രാജസ്ഥാനില്‍ മുഴുവന്‍ സീറ്റുകളും, മധ്യപ്രദേശില്‍ 29ല്‍ 27 ഉം, ഛത്തീസ്ഗഡില്‍ 11ല്‍ പത്തും മണ്ഡലങ്ങള്‍ കാവിയുടുത്തു. രാഷ്ട്രീയക്കാറ്റ് മാറി വീശുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കിറങ്ങുന്നത്.

പത്മാവതി വിഷയം, പശു സംരക്ഷണം, ആള്‍ക്കൂട്ട കൊലപാതകം, കര്‍ഷക പ്രശ്ങ്ങള്‍, കാര്‍ഷിക നയങ്ങള്‍ എല്ലാം രാജസ്ഥാനില്‍ ബിജെപി സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടാക്കുന്നവയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗ സര്‍വ്വേ ഫലം പോലും ചൂണ്ടിക്കാണിക്കുന്നത്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പകുതിയിലധികം ആളുകളുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. അമിത് ഷായും മോദിയും നടത്തുന്ന റാലികളിലൂടെ ജനവികാരത്തെ മറികടക്കാം എന്നാണ് ബിജെപി പ്രതീക്ഷ. രാജസ്ഥാനിലെ 30ഓളം സീറ്റുകളില്‍ ചെറു പാര്‍ട്ടികള്‍ നിര്‍ണ്ണായകമാകും. ഇതിനെ കരുതിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. പാര്‍ട്ടി വിട്ട ഹനുമാന്‍ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക്ക് ബിജെപി വോട്ട് ബാങ്കില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. ഖിംസര്‍ മണ്ഡലത്തില്‍ നിന്നു 2008 ല്‍ ബിജെപി എംഎല്‍എയായ ബേനിവാള്‍ വസുന്ധര രാജെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടിവിട്ടത്. 2013 ല്‍ സ്വതന്ത്രനായി വീണ്ടും വിജയിച്ചിരുന്നു. രാജസ്ഥാനില്‍ 88 ശതമാനം ഹിന്ദുക്കളുള്ളപ്പോള്‍ 10 ശതമാനം മാത്രമാണ് മുസ്ലിംങ്ങള്‍. അതു കൊണ്ട് ഹിന്ദു വര്‍ഗ്ഗീയ ധ്രുവീകരണം പയറ്റാനും ഇരുകൂട്ടരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

congress

മാവോയിസ്റ്റ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. നക്‌സല്‍ സ്വാധീന മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലൂടെയും കേന്ദ്ര പദ്ധതികളിലൂടെയും അടിത്തറ വര്‍ദ്ധിപ്പിക്കാനായെന്ന് ബിജെപി അവകാശപ്പെടുന്നു. അതേസമയം, സമീപകാലത്തുണ്ടായ നക്‌സല്‍ അക്രമണങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ആയുധമാക്കുന്നു. കഴിഞ്ഞ തവണ ഇവിടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ ഒരു ശതമാനം മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ ഭൂപേഷ് ഭാഗലിനെ ഒരിക്കലും ഒരു ക്രൗഡ് പുള്ളറായി കാണാന്‍ സാധിക്കില്ല. എന്നാല്‍, കരുത്തനായ രമണ്‍ സിംഗ് ആണ് ഇവിടെ ബിജെപി പട നയിക്കുന്നത്. ഇത്തവണ ബഹു ഭൂരിപക്ഷം മണ്ഡലങ്ങളിലും ബിഎസ്പി, കോണ്‍ഗ്രസ്, ബിജെപി ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ട് . കോണ്‍ഗ്രസിനും ബിജെപിക്കും വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു ഘടകമാണ് കോണ്‍ഗ്രസിന്റെ ജനകീയ നേതാവായിരുന്ന അജിത് ജോഗിയുടെ ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ്. മായാവതിയുടെ ബിഎസ്പി യുമായി ചേര്‍ന്നാണ് ജോഗിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും അത് ഗുണം ചെയ്യുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ കോട്ടകള്‍ തകര്‍ന്ന ആഘാതത്തിലാണ് ബിജെപി. ലോക്‌സഭാ അംഗത്തിന് മുന്‍പുള്ള അഞ്ച് സംസ്ഥാനങ്ങളിലെ അവസാന ലാപ്പില്‍ വിജയത്തോടെ ഓടിത്തീര്‍ക്കേണ്ടത് മോദിയ്ക്കും അമിത് ഷായ്ക്കും അങ്ങേയറ്റം അനിവാര്യമാണ്.

റിപ്പോര്‍ട്ട്: അശ്വതിമോള്‍ എ.റ്റി

Top